Kozhikode

രണ്ടാം ഡോസുകാർക്ക് സ്പോട്ട് റജിസ്ട്രേഷൻ; ഓൺലൈൻ റജിസ്ട്രേഷൻ വൈകിട്ട് 6.30നു ശേഷം

കോഴിക്കോട് ∙ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന് ഓൺലൈൻ റജിസ്ട്രേഷൻ ആവശ്യമില്ലെന്നു സർക്കാർ വ്യക്തമാക്കിയതോടെ ഇന്നു മുതൽ ജില്ലയിലെ വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ സ്പോട്ട് റജിസ്ട്രേഷൻ വീണ്ടും. രണ്ടാം ഡോസ് എടുക്കാൻ എത്തുന്നവർക്കു മുൻഗണന നൽകും. ആകെ 100 ഡോസ് വാക്സീൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ 80 ഡോസും രണ്ടാം ഡോസ് വാക്സീൻകാർക്കായി നീക്കിവയ്ക്കും. ബാക്കി 20 ഡോസ് മാത്രമാകും ഒന്നാം ഡോസ് സ്വീകരിക്കാൻ എത്തുന്നവർക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ നീക്കിവയ്ക്കുക.

ആകെ 150 ഡോസ് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ 110 ഡോസ് വാക്സീനും രണ്ടാം ഡോസുകാർക്കായി മാറ്റിവയ്ക്കും. രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവർ ആശാ വർക്കർമാരുടെ നിർദേശം അനുസരിച്ച് വാക്സീൻ വിതരണ കേന്ദ്രങ്ങളിലെത്തണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതു പ്രായോഗികമാകുമോ എന്നു സംശയമുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാനാണു സാധ്യത. വാക്സീൻ ലഭ്യതയനുസരിച്ചു ആദ്യം എത്തുന്നവർക്കു ടോക്കൺ നൽകാനാണു തീരുമാനം.

ഓൺലൈൻ റജിസ്ട്രേഷൻ 6.30നു ശേഷം

ജില്ലയിൽ വാക്സിനേഷനായുള്ള ഓൺലൈനിൽ വൈകിട്ട് 6.30നു ശേഷം മാത്രമേ ബുക്ക് ചെയ്യാനാകൂവെന്ന് ആരോഗ്യവകുപ്പ്. ഓരോ ദിവസത്തെയും വാക്സീൻ ലഭ്യതയനുസരിച്ച് ജില്ലാതലത്തിൽ ഷെഡ്യൂൾ ചെയ്ത ശേഷം മാത്രമേ പൊതുജനങ്ങൾക്കു ബുക്ക് ചെയ്യാൻ സാധിക്കൂ. എന്നാൽ, ഓൺലൈനിൽ ഷെഡ്യൂൾ ചെയ്യാനായി വളരെക്കുറച്ചു വാക്സീൻ ഡോസുകൾ മാത്രമേ പോർട്ടലിൽ നൽകിയിട്ടുള്ളൂ, ഇന്നലെ പോർട്ടൽ ബുക്കിങ്ങിനായി തുറന്നുകൊടുത്ത ശേഷം നിമിഷങ്ങൾക്കുള്ളിൽ വാക്സിനേഷൻ സ്‌ലോട്ടുകൾ തീർന്നു.

Related Articles

Leave a Reply

Back to top button