Kozhikode

കോഴിക്കോട് ജില്ലയിലെ മൂന്ന് വിനോദ സഞ്ചാര പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: ജില്ലയിലെ തോണിക്കടവ്, അരിപ്പാറ, കാപ്പാട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിവിധ പദ്ധതികൾ യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് അഞ്ചിന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ പി. ബാലകിരൺ റിപ്പോർട്ട് അവതരിപ്പിക്കും. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാദേശിക ചടങ്ങുകളിൽ എം.എൽ.എമാരായ ജോർജ് എം തോമസ്, പുരുഷൻ കടലുണ്ടി, കെ ദാസൻ, ജില്ലാ കളക്ടർ എസ്. സാംബശിവറാവു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

തോണിക്കടവ്

പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന വകുപ്പിന്റ സ്ഥലത്താണ് തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രം ഒരുക്കിയത്. ബോട്ടിംഗ് സെന്റർ, വാച്ച് ടവർ, കഫ്റ്റേരിയ, റെയിൻ ഷെൽട്ടറുകൾ, ഓപ്പൺ എയർ ആംഫി തിയേറ്റർ, ശൗചാലയം, നടപ്പാതകൾ, ടിക്കറ്റ് കൗണ്ടർ, ചുറ്റുമതിൽ,​ തിയേറ്റർ ഗ്രീൻ റൂം എന്നിവയാണ് രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവിൽ ടൂറിസം വകുപ്പ് പൂർത്തീകരിച്ചത്.

അരിപ്പാറ വെള്ളച്ചാട്ടം

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ടം ലോകശ്രദ്ധ നേടിയ മലബാർ റിവർ ഫെസ്റ്റിവൽ നടക്കുന്ന പ്രദേശമാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രദേശത്തെ ഇരുകരകളിലൂടെയായി സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്.1.92 കോടി ചെലവഴിച്ചാണ് അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി ടൂറിസം വകുപ്പ് പൂർത്തിയാക്കിയത്. 1.76 കോടി രൂപ ചെലവിൽ നിർമ്മിച്ച തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി ക്യാബിൻ എന്നിവയും പൂർത്തിയായി.

കാപ്പാട് ബീച്ച്

ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീൻ കാർപെറ്റ് പദ്ധതിയാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. 99.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കടൽത്തീരത്തിന്റെയും പാറക്കൂട്ടങ്ങളുടെയും പ്രകൃതിഭംഗി ഒത്തിണങ്ങിയ വിനോദസഞ്ചാര കേന്ദ്രമാണ് കാപ്പാട്.

Related Articles

Leave a Reply

Back to top button