Kozhikode

കുന്ദമംഗലം ഇനി ക്യാമറാ നിരീക്ഷണത്തിൽ

കുന്ദമംഗലം: സർവയലൻസ് സംവിധാനം പ്രവർത്തനക്ഷമമായതോടെ കാരന്തൂർ മുതൽ കുന്ദമംഗലംവരെ ക്യാമറാ നിരീക്ഷണത്തിലായി. കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തടയുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് കുന്ദമംഗലത്ത് നിരീക്ഷണസംവിധാനം ഏർപ്പെടുത്തിയത്.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ ചിത്രമെടുക്കുന്ന നാല് എ.എൻ.പി.ആർ. ക്യാമറകളും നാല് ഡോം ക്യാമറകളും 17 സ്ഥിരംക്യാമറകളുമാണ് സ്ഥാപിച്ചത്. രാത്രിയിലും മികവാർന്ന ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ആധുനിക ഉപകരണങ്ങളാണ് കാരന്തൂർ മുതൽ മുക്കം റോഡ് ജങ്ഷൻവരെ ഘടിപ്പിച്ചിരിക്കുന്നത്. മാതൃകാ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെ കൺട്രോൾ റൂമിലാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്താണ് നാല് എ.എൻ.പി.ആർ. ക്യാമറകൾ സ്ഥാപിച്ചത്. മുക്കം റോഡിൽ എം.എൽ.എ. ഓഫീസിനുസമീപം മുക്കം റോഡ് ജങ്ഷനിലും ബി.എസ്.എൻ.എൽ. ഓഫീസ് പരിസരത്തും പെരിങ്ങൊളം റോഡിലും ബസ്‌സ്റ്റാൻഡ് പരിസരത്തും യു.പി. സ്കൂളിനു മുമ്പിലും മർക്കസ് കാരന്തൂർ എന്നിവിടങ്ങളിലുമാണ് ക്യാമറകളുള്ളത്.

എം.എൽ.എ. യുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 64 ലക്ഷംരൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ടൗൺ സർവയലൻസ് സിസ്റ്റം പി.ടി.എ. റഹീം. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മിഷണർ

എ.വി. ജോർജ് അധ്യക്ഷനായി. ഇ.എൻ. സുരേഷ്, അസിസ്റ്റന്റ് കമ്മിഷണർ എൻ. മുരളീധരൻ, ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ പി.കെ. രാജു, ആർ. സുജിത് കുമാർ, സി. പ്രദീപൻ, വി.പി. പവിത്രൻ, ഇ. രജീഷ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button