Thamarassery

താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡ് ഇടിഞ്ഞു; വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ സംരക്ഷണ ഭിത്തി നിർമാണത്തിന് മണ്ണ് എടുത്തു മാറ്റിയ സ്ഥലത്ത് ഇന്നലെ വീണ്ടും ടാറിങ്ങിന്റെ അടിഭാഗം ഇടിഞ്ഞു താഴ്ന്നു. പകൽ രണ്ടു മണിയോടെയാണ് തകരപ്പാടിക്കു മേലെ വീണ്ടും റോഡ് ഇടിഞ്ഞത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

ഇന്നു മുതൽ വലിയവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. കുഴിയിൽ മണൽ ചാക്കുകൾ നിരത്തിയിട്ടുണ്ടെങ്കിലും ഇടിച്ചിൽ നടക്കുന്ന ഭാഗത്ത് മുൻകരുതൽ നടപടി എടുക്കാൻ കഴിയില്ല. ചെറിയ വാഹനങ്ങൾക്കു മലയോടു ചേർന്നു കഷ്ടിച്ചു കടന്നു പോകാവുന്ന സ്ഥിതിയാണുള്ളത്.

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ വാഹനങ്ങൾ പൂർണമായും നിരോധിക്കാതെ കടത്തി വിട്ടതാണത്രേ ഇന്നലെ വീണ്ടും ഇടിയാൻ കാരണം. റോഡിന്റെ ഇരുവശങ്ങളിലും പാർക്കു ചെയ്യുന്ന വലിയ വാഹനങ്ങൾ രാത്രിയിൽ ചുരത്തിലൂടെ കടന്നു പോകുന്നതായും പരാതിയുണ്ട്. നിരോധനം ഏർപ്പെടുത്തിയ വാഹനങ്ങളും ഇതിൽ പെടും.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 15 ടണ്ണിൽ കൂടുതലുള്ള വാഹനങ്ങൾക്കും സ്കാനിയ ബസുകൾക്കുമാണ് കലക്ടർ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ സുരക്ഷാ ഭിത്തി നിർമാണം കഴിയുന്നതുവരെ വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ചില്ലെങ്കിൽ ഇനിയും റോഡ് ഇടിയാൻ സാധ്യതയുണ്ടെന്നും പറഞ്ഞു

ചുരത്തിൽ ഇടവിട്ടുണ്ടായിരുന്ന കലുങ്കുകൾ ഏറെയും അടച്ചതാണ് റോഡ് തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വർഷകാലത്ത് മലവെള്ളം റോഡിലൂടെയാണ് ഇപ്പോൾ ഒഴുകുന്നത്. നിലവിൽ റോഡ് ഇടിഞ്ഞ ഭാഗവും കലുങ്ക് നികത്തിയ സ്ഥലമാണ്. കരിങ്കല്ലുകൾ അട്ടിവച്ച് അതിനു മേലെ വലിയ പാറ നിരത്തിയത് ഇടിഞ്ഞ ഭാഗത്ത് വ്യക്തമായി കാണുന്നുണ്ട്. കലുങ്കുകൾ മൂടി ടാറിങ് നടത്തിയതോടെ ഉള്ളിലേക്ക് വെള്ളം ഇറങ്ങി റോഡിനു തന്നെ ബലക്ഷയം സംഭവിക്കുന്ന സ്ഥിതിയാണുള്ളത്.

Related Articles

Leave a Reply

Back to top button