ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക കൃഷിനാശം

കോടഞ്ചേരി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തുഷാരഗിരി, വട്ടച്ചുവട്, പൂവത്തിൻച്ചുവട്, പാത്തിപ്പാറ, മഞ്ഞുമല പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം സംഭവിച്ചു. വട്ടച്ചുവട് ജോൺസൺ ചൂരപ്പുഴയുടെ വീടിന്റെ മുകളിലേക്ക് റബർ മരം ഒടിഞ്ഞുവീണ് വീടിന്റെ മേൽക്കുര തകർന്നു. ജോൺ പെരുന്പനാനിയുടെ മാവ്, പ്ലാവ് എന്നിവ ഒടിഞ്ഞ് വീണു.
തുഷാരഗിരി മലങ്കര കത്തോലിക്ക പള്ളിവക സ്ഥലത്ത് അനിരന്പുഴ വർഗീസിന്റെ കൃഷിയിടത്തിലെ നൂറോളം കുലച്ച ഏത്തവാഴകൾ കാറ്റിൽ നിലപതിച്ചു. കൂടാതെ മറ്റനേകം കൃഷിക്കാരുടെ വിളകളും കാറ്റിലും മഴയിലും നശിച്ചു.
കൃഷിക്കും വിളകൾക്കും നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അവശ്യപ്പെട്ടു.
യോഗത്തിൽ വാർഡ് അംഗം സിസിലി കൊടുപ്പള്ളി, ദേവസ്യ പുത്തൻന്പുര, ജിജി എലിവാലുങ്കൻ, ആന്റണി കോഴപ്ലാക്കൽ, ടോണി പന്തലാടി, പ്രിൻസ് കാവാട്ടുതടം എന്നിവർ പ്രസംഗിച്ചു.






