കൗൺസിലർമാർ ഐസിഡിഎസ് ഓഫിസറെ വീണ്ടും ഉപരോധിച്ചു

മുക്കം: കഴിഞ്ഞ ദിവസത്തിനു തുടർച്ചയായി നഗരസഭ കൗൺസിലർമാർ വീണ്ടും ശിശു വികസന പദ്ധതി ഓഫിസറെ ഉപരോധിക്കാനെത്തി; പ്രതിരോധം തീർത്ത് അങ്കണവാടി ജീവനക്കാരും രംഗത്തെത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവുമായി. സ്ഥലത്തെത്തിയ പൊലീസിന്റെ സാന്നിധ്യത്തിൽ ഉപരോധം അവസാനിപ്പിച്ചു. നഗരസഭയിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപർ തസ്തികയിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് ആരോപിച്ചാണ് നഗരസഭയിലെ യുഡിഎഫ്, വെൽഫെയർ കൗൺസിലർമാർ സമരത്തിനിറങ്ങിയത്.
കഴിഞ്ഞ ദിവസം ഐസിഡിഎസ് ഓഫിസിൽ എത്തി ഓഫിസറെ ഉപരോധിക്കുകയായിരുന്നു. ഓഫിസ് സമയം കഴിഞ്ഞപ്പോൾ ഓഫിസറെ പുറത്തേക്കു പോകാൻ അനുവദിക്കാതെ ഉപരോധിച്ചപ്പോൾ പൊലീസ് എത്തി കൗൺസിലർമാരെ നീക്കം ചെയ്തു. ഇന്നലെ കൗൺസിലർമാർ വീണ്ടും ഓഫിസർ അനിതകുമാരിയെ ഉപരോധിച്ചു. ഇഎംഎസ് ഓഡിറ്റോറിയത്തിൽ അങ്കണവാടി ജീവനക്കാർക്കുള്ള പ്രോജക്ട് മീറ്റിങ്ങിലേക്ക് വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ഇരച്ചുകയറി ഓഫിസറെ ഉപരോധിക്കുകയായിരുന്നു. ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 4 പഞ്ചായത്തുകളിൽ നിന്നുള്ള ജീവനക്കാർ ഒറ്റക്കെട്ടായി ഓഫിസർക്ക് പ്രതിരോധ വലയം തീർത്തു.
എസ്ഐ സജിത്ത് സജീവന്റെ നേതൃത്വത്തിൽ പൊലീസ് കൗൺസിലർമാരുമായും ഓഫിസറുമായും സംസാരിച്ച് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. നിലവിലെ നിയമന ഉത്തരവിന്റെ കോപ്പികളും സർക്കാർ ഉത്തരവിന്റെ കോപ്പിയും അടുത്ത ദിവസം കൗൺസിലർമാർക്ക് നൽകാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉത്തരവിന്റെ കോപ്പികൾ ലഭിക്കുന്നതോടെ കൗൺസിലർമാർ നിയമ നടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ്.
പ്രമോഷൻ ലിസ്റ്റിൽ നിന്നു 25% പേരെ നിയമിക്കണമെന്നത് ലംഘിച്ചാണ് തസ്തികകളിലേക്ക് ആളെ നിയമിച്ചതെന്നാണു പരാതി. സീനിയോറിറ്റി ലിസ്റ്റ് നിലനിൽക്കെ സിലക്‌ഷൻ ലിസ്റ്റ് ഉണ്ടാക്കിയാണ് നിയമനമെന്നുമാണ് ആക്ഷേപം. കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.കെ.യാസർ, കൃഷ്ണൻ വടക്കയിൽ, എം.മധു, കെ.കെ.റുബീന, ബിന്നി മനോജ്, കെ.കെ.റുബീന, കെ.കെ.റംല, വസന്തകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.







