Kerala

സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: സംസ്ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ അദ്ഭുതകരമാണെന്നും വ്യക്തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല അവകാശപ്പെടുന്നു. കേസ് ഹൈക്കോടതിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വ്യാജ വോട്ടർമാരുടെ മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് അറിയിച്ചു. വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇരട്ട വോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികൾ പ്രസിദ്ധീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കായംകുളത്തെ വോട്ടറേ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച ചെന്നിത്ത തപാൽ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും കുറ്റപ്പെടുത്തുന്നു. പെൻഷൻ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളിൽ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട്ട് ചെയ്യാൻ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർവ്വേ ഫലങ്ങൾ പുറത്തുവിടുന്നത് ഒട്ടും ശരിയല്ലെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തുടങ്ങിയെന്നും ഓർമ്മിപ്പിച്ച ചെന്നിത്തല, കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായുള്ള ധാരണാപത്രം ഇത് വരെ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സർക്കാർ കള്ളക്കളി തുടരുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നം ആരോപിച്ചു. രണ്ടു ധാരണപത്രം ഉണ്ടായിരുന്നതിൽ ഇൻലാൻഡ് നാവിഗേഷൻ ധാരണപത്രം മാത്രം ആണ് റദ്ദാക്കിയതെന്നാണ് ആരോപണം.

കേരളത്തിലെ ജനങ്ങളെ പൂർണമായും കബളിപ്പിച്ച സർക്കാരാണ് മോദി സർക്കാരെന്നും ചെന്നിത്തല പറയുന്നു. ലാവലിൻ കേസ് മാറ്റി വയ്പ്പിക്കുന്നതിലായിരുന്നു പിണറായിക്ക് താല്പര്യമെന്നും പ്രളയ സമയത്ത് കിട്ടേണ്ട കേന്ദ്രസഹായം പോലും പൂർണമായും വാങ്ങി എടുത്തിട്ടില്ലെന്നുമാണ് ആക്ഷേപം. ഒരു പ്രധാന പദ്ധതിപോലും കേരളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പിണറായിയും മോദിയും ഭായി ഭായ് ആണ്. ഏറ്റവുമൊടുവിൽ സ്വർണക്കള്ളക്കടത്ത് കേസും അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് പയുന്നു. ഇതൊക്കെയാണ് ബാലശങ്കർ പറഞ്ഞ ഡീലെന്നും ബാലശങ്കറിനെ തള്ളിപ്പറയാൻ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Back to top button