Kozhikode

കൂടത്തായി പരമ്പരയുടെ സിഡിക്കുള്ള ജോളിയുടെ അപേക്ഷയിൽ കോടതി നോട്ടീസയച്ചു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട സ്വകാര്യ ടെലിവിഷൻ പരമ്പരയുടെ സിഡി ലഭ്യമാക്കണമെന്ന ജോളിയുടെ അപേക്ഷയിൽ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ്‌ സെഷൻസ് കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.

കൂടത്തായി കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണംചെയ്ത പരമ്പര തന്നെയും വീട്ടുകാരെയും മോശമായാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞാണ് കേസിലെ ഒന്നാംപ്രതി ജോളി കോടതിയെ സമീപിച്ചത്.

ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാൽ സീരിയലിന്റെ സിഡി കാണാൻ അനുവദിക്കണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പരമ്പര സംപ്രേഷണം ചെയ്ത ചാനൽ ഉൾപ്പെടെ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചത്.

സിലി വധക്കേസിൽ പ്രതിഭാഗത്തിന്റെ വിടുതൽ ഹരജിയിൽ കോടതി ചൊവ്വാഴ്ച വാദം കേട്ടു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും വിശ്വസനീയമല്ലെന്ന് ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ വാദിച്ചു. പ്രതി കുറ്റസമ്മതം നടത്തിയാൽപ്പോലും തെളിവുകൾ ഇല്ലെങ്കിൽ ശിക്ഷിക്കാനാവില്ലെന്നായിരുന്നു ആളൂരിന്റെ വാദം. കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ഫൊറൻസിക് കെമിക്കൽ ലാബിന്റെ റിപ്പോർട്ട് പോലീസ് കൂട്ടിച്ചേർത്തതെന്നും പ്രതിഭാഗം പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസുകൾ മേയ് 18-ന് വീണ്ടും പരിഗണിക്കും

Related Articles

Leave a Reply

Back to top button