കാരശേരി പഞ്ചായത്തിലെ എംസിഎഫ് യൂണിലെ മാലിന്യ കൂമ്പാരം:പ്രദേശവാസികൾ ദുരിതത്തിൽ

മുക്കം: കാരശേരി പഞ്ചായത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച മിനി എംസിഎഫ് യൂനിറ്റുകൾ നിറഞ്ഞ് കവിഞ്ഞത് മൂലം പ്രദേശവാസികൾ ദുരിതത്തിൽ. എംസിഎഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞതിനാൽ അതിന് ചുറ്റും മാലിന്യ കൂമ്പാരമായിരിക്കുകയാണ്.
എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിലാണ് മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത്. യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത് റോഡിന്റെ വശത്തായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ മാലിന്യങ്ങൾ കൊണ്ട് വന്ന് തള്ളുകയാണിവിടെ.
യൂണിറ്റ് പൂട്ടിയിട്ടിരിക്കുന്നതിനാൽ സമീപത്തും റോഡിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇതോടെ കാക്കയും മറ്റും കൊത്തിവലിച്ച് സമീപത്തെ കടകളിലും പറമ്പുകളിലും മാലിന്യം കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്.
മിനി എംസിഎഫിലും പരിസരത്തുമുള്ള മാലിന്യങ്ങൾ ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു. മുരിങ്ങംപുറായിലുള്ള എംസിഎഫ് യൂനിറ്റിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നതായി പരാതിയുണ്ട്. മാലിന്യങ്ങൾ യഥാസമയം യൂനിറ്റുകളിൽ നിന്ന് മാറ്റാത്തതാണ് പ്രശ്നത്തിന് കാരണമെന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ടെന്നും ഉടൻ തന്നെ ഒറ്റതവണ വ്യവസ്ഥയിൽ എംസിഎഫിലേയും മിനി എംസിഎഫിലെയും മാലിന്യങ്ങൾ നീക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സ്മിത ചോണാട് പറഞ്ഞു. ചിലർ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറാതെ മിനി എംസിഎഫ് യൂണിറ്റുകളിൽ ഉപേക്ഷിച്ച് പോകുന്നതും മാലിന്യം കൂമ്പാരമാവാൻ കാരണമാകുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.






