Kozhikode

4 മാസത്തിനിടെ 40 ലഹരി കേസുകൾ, 46 അറസ്റ്റ്; രാത്രി കറങ്ങുന്ന യുവാക്കളെ പരിശോധിക്കും

കോഴിക്കോട് ∙ ജില്ലയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി കണക്കുകൾ. ഈ വർഷം 4 മാസത്തിനിടെ 40 ലഹരി മരുന്നു ഉപയോഗ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി 46 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ലോക്ഡൗൺ ആയിട്ടുപോലും വിവിധ വകുപ്പുകളിലായി 110 കേസുകൾ എടുത്തിട്ടുണ്ട്. 93 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം 3 കിലോ ഹാഷിഷാണ് പിടികൂടിയത്. ഇത്തരത്തിൽ വൻതോതിൽ ലഹരിയെത്തുന്ന സംഭവങ്ങൾ നഗരത്തിൽ വർധിച്ചു വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന കഞ്ചാവും മറ്റും നഗരത്തിലെത്തിച്ചു ചെറിയ പായ്ക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് എത്തിക്കുകയാണ് പതിവ്. ഇതിനായി ഒട്ടേറെ ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്.

അതിഥിത്തൊഴിലാളികൾക്കും യുവാക്കൾക്കും വിദ്യാർഥികൾക്കും ലഹരി എത്തിച്ചു നൽകുന്ന സംഘം പ്രവർത്തിക്കുന്നുണ്ട്. ലഹരിമരുന്ന് വിൽപനയിലെ കണ്ണികളിൽ സ്‌ത്രീകളും കോളജ് വിദ്യാർഥികളും കുഴൽപ്പണ സംഘങ്ങളും ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.  എക്സൈസും ഡൻസാഫും നടത്തിയ അന്വേഷണത്തിൽ ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2021 ജനുവരി മുതൽ ഏപ്രിൽ 15 വരെ കഞ്ചാവ് 26 കിലോ, ഹാഷിഷ് – 3.93 കിലോ, ബ്രൗൺഷുഗർ– 2ഗ്രാം, എംഡിഎംഎ 461.16 ഗ്രാം, എൽഎസ്ഡി 1.36 ഗ്രാം, ലഹരി ഗുളിക 374 എന്നിവ പിടികൂടി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സുരേഷ് പറഞ്ഞു.

രാത്രി കറങ്ങുന്ന യുവാക്കളെ പരിശോധിക്കും

രാത്രിസമയത്ത് അനാവശ്യമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്ന ചെറുപ്പക്കാരുടെ വാഹനങ്ങൾ പരിശോധന നടത്തും. ഇവരുടെ വിവരങ്ങൾ ശേഖരിക്കും. വിദ്യാർഥികളാണെങ്കിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം അവർക്കൊപ്പം വിടും. അനാവശ്യമായി രാത്രി സമയത്ത് കുട്ടികൾ നഗരത്തിൽ ബൈക്കിൽ കറങ്ങുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി.

Related Articles

Leave a Reply

Back to top button