കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ ചിലർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കുന്നുവെന്ന് പഞ്ചായത്ത് അധികൃതർ

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിൽ ചിലർ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസ്ഥാനത്ത് നിർത്തുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ക്യാമ്പ് നടക്കുന്ന സ്ഥലത്ത് ഇടത് യുവജന സംഘടന കഴിഞ്ഞ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച് ക്യാമ്പിൻ്റെ പ്രവർത്തനം താളം തെറ്റിക്കാൻ ശ്രമിച്ചു വരികയായിരുന്നുവെന്നും ഓൺലൈൻ രജിസ്ട്രേഷൻ നടത്തി വരുന്നവർ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഇന്നലെ ടോക്കൺ സിസ്റ്റം തുടങ്ങുകയും രാവിലെ 8.30ന് തന്നെ വാക്ക്സിൻ എടുക്കാൻ വന്നവരെ മുഴുവൻ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ചതും ആൾക്കൂട്ടം ഒഴിവാക്കി ജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കിയതുമാണ് ചിലരെ ചൊടിപ്പിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.
രജിസ്ട്രേഷൻ നടക്കുന്നതിനനുസരിച്ച് ആവശ്യമായ വാക്സിനുകൾ ലഭിക്കാത്തതാണ് വാക്സിൻ എല്ലാവർക്കും ലഭിക്കാതെ പോവുന്നതിനു കാരണമെന്നും ഓരോ പഞ്ചായത്തിനും ആവശ്യമായ വാക്സിനുകൾ ലഭ്യമാക്കാൻ സർക്കാറിൻ്റെ ഭാഗത്തു നിന്നാണ് തീരുമാനം ഉണ്ടാകേണ്ടതെന്നും കൂടാതെ രജിസ്റ്റർ ചെയ്യൂന്നവർക്കെല്ലാം ഷെഡ്യൂൾ ചെയ്യാനും സൈറ്റിൽ സംവിധാനം ഉണ്ടാകണമെന്നും അധികൃതർ പറയുന്നു.
സ്പോട്ട് രജിസ്ട്രേഷൻ നടത്തി സ്വന്തക്കാരെ തിരുകി കയറ്റിയെന്ന് പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷം ജനങ്ങളെ കബളിപ്പിക്കുകയാണെന്നും
ദിവസങ്ങൾക്ക് മുമ്പേ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിനേഷൻ ലഭിക്കുന്നില്ലായെന്ന വാദം ശരിയല്ലെന്നും മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് ടോക്കൺ കൊടുത്തതെന്നും
ഇന്ന്(24/04/2021) രാവിലെ 8.30 വരെ വന്നവർക്കെല്ലാം വാക്സിൻ നൽകിയിട്ടും വൈസ് പ്രസിഡൻറ് സ്വന്തക്കാരെ തിരുകി കയറ്റിയെന്ന് ഇടത്പക്ഷം ആരോപണമുന്നയിക്കുന്നത് വാക്സിൻ ക്യാമ്പ് താളം തെറ്റിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയാണെന്നും വൈസ് പ്രസിഡൻറ് കുറ്റപെടുത്തി.
സമീപ പഞ്ചായത്തുകളിൽ നിന്ന് വന്നവർക്ക് വാക്സിൻ കിട്ടാതെ വരുമൊയെന്ന ആശങ്ക മൂലം പല തവണ അവർ ക്യാമ്പ് തടസ്സപെടുത്താൻ ശ്രമിച്ചത് പോലീസിനെ വരുത്തി പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമിച്ചപ്പോൾ ഇടത് പക്ഷ നേതാക്കൾ പ്രശ്നം സങ്കീർണ്ണമാക്കാനാണ് ശ്രമിച്ചതെന്നും പ്രസിഡൻ്റ് കുറ്റപെടുത്തി.







