Thiruvambady

തിരുവമ്പാടി പൊതുശ്മശാനം: നടപടി വൈകിച്ചത് പ്രദേശത്തെ ചിലരുടെ സമ്മർദത്തിന് വഴങ്ങി

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും യാഥാർഥ്യമാകാത്തതിനുപിന്നിൽ പ്രദേശത്തെ ചിലരുടെ സമ്മർദമെന്ന് സൂചന. ഇവിടെ ശ്മശാനം തുടങ്ങുന്നതിനെതിരേ പ്രദേശത്തെ ചിലരിൽനിന്ന്‌ ശക്തമായ സമ്മർദമുണ്ടായിരുന്നതായി ഒരു മുൻ ജനപ്രതിനിധി മാതൃഭൂമിയോട് വെളിപ്പെടുത്തി. ഇതേത്തുടർന്നാണ് പദ്ധതി അനിശ്ചിതാവസ്ഥയിലായത്.

മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ തുടർനടപടികൾ നീക്കിയെങ്കിലും പദ്ധതി പ്രാവർത്തികമാക്കാനുളള ആർജവമുളള ശ്രമങ്ങൾ ഉണ്ടായില്ല. പൊതുശ്മശാനം ഉദ്ഘാടനംകഴിഞ്ഞു ഒരുവർഷമാകാറായിട്ടും പ്രവർത്തനം തുടങ്ങാത്തത് സംബന്ധിച്ച് മാതൃഭൂമി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനാവശ്യമായ സ്ഥലമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളുള്ള പഞ്ചായത്തിലാണ് നാമമാത്രമായി ഒരു ശ്മശാനം. നിരവധി എസ്.സി, എസ്.ടി. കോളനികൾ ഉള്ള പഞ്ചായത്താണിത്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി കോഴിക്കോട് മാവൂർറോഡ് ശ്മശാനത്തെ ആശ്രയിക്കേണ്ടിവരുകയാണ്.

ഒറ്റപ്പൊയിലിൽ വാങ്ങിയ രണ്ടേക്കർസ്ഥലത്താണ് വൈദ്യുതിശ്മശാനം. ജനറേറ്റർ ഉൾപ്പെടെയുളള യന്ത്രസംവിധാനങ്ങൾ ലഭ്യമാകാത്തതാണ് പദ്ധതി പ്രവർത്തിപ്പിക്കാൻ കഴിയാത്തത്. ഈ സംവിധാനമൊരുക്കാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പദ്ധതി ഉദ്ഘാടനംചെയ്തത്.

ശ്മശാനത്തോട് ചേർന്നുതന്നെയാണ് സൂപ്പർ എം.ആർ.എഫ്. പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഈ പദ്ധതി നിലച്ചതോടെ പൊതുശ്മശാനപരിസരം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് സ്വന്തമായി ഒരു ഗേറ്റുപോലും ഇനിയും പണിതിട്ടില്ല.

ശ്മശാനത്തോട് ചേർന്നുതന്നെ എം.ആർ.എഫ്. പ്ലാന്റ് സ്ഥാപിച്ച നടപടിയും വലിയ വിവാദമാകുകയാണ്. മൃതദേഹങ്ങളോടു കാണിക്കുന്ന തികഞ്ഞ അനാദരവാണ് ഇതെന്ന് എസ്.എൻ.ഡി.പി.യോഗം തിരുവമ്പാടി യൂണിയൻ മുൻ പ്രസിഡന്റ് കെ.എൻ. ചന്ദ്രൻ അഭിപ്രായപ്പെട്ടു. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഉടൻ നീക്കംചെയ്യണം. ശ്മശാനത്തിന്റെ ചുറ്റിലും സുരക്ഷിത കോമ്പൗണ്ട് പണിയണം -അദ്ദേഹം ആവശ്യപ്പെട്ടു.

പുരയിടം മാത്രമുളള നൂറുകണക്കിന് കുടുംബങ്ങൾ മൃതദേഹം സംസ്കരിക്കാൻ സ്ഥലമില്ലാതെ പെടാപാട്‌പെടുകയാണെന്നും പൊതുശ്മശാനം എത്രയും പെട്ടെന്ന് പ്രവർത്തനക്ഷമമാക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.കെ. ദിവാകരൻ ആവശ്യപ്പെട്ടു.

തിരുവമ്പാടിയിൽ മാറിമാറി ഭരിച്ച ഇരുമുന്നണികളും പൊതുശ്മശമാന വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് പുലർത്തിയതെന്നും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ശ്മശാനത്തിന് ആവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി ഭാസ്‌കർ അധ്യക്ഷത വഹിച്ചു. പ്രജീഷ് പൂക്കാട്, ബിനു അടുകാട്ടിൽ, സജീവ് മഠത്തിൽ എന്നിവർ സംസാരിച്ചു.

ഭൂമിയില്ലാത്ത പാവപ്പെട്ടവൻ മരണപ്പെട്ടാൽ വീടിന്റെ ഇറയോരത്ത് സംസ്കാരം നടത്താൻ വിധിക്കപ്പെട്ടവരെ ഓർത്തെങ്കിലും പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടി ആവശ്യപ്പെട്ടു.

സുന്ദരൻ എ. പ്രണവം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിഷി പട്ടയിൽ, എ.എം. ബിന്ദുകുമാരി, സതീഷ് കുമാർ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.

മാലിന്യങ്ങൾ അടിയന്തരമായി നീക്കംചെയ്യണമെന്നും ചുറ്റുമതിൽ നിർമിക്കണമെന്നും ശ്മശാനത്തോടുചേർന്ന് ഇത്തരമൊരു പ്ലാന്റ് തുടങ്ങിയത് മൃതദേഹങ്ങളോടുളള തികഞ്ഞ അനാദരവാണെന്നും പൊതുപ്രവർത്തകനായ സൈതലവി ആനടിയിൽ അഭിപ്രായപ്പെട്ടു.

പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാതെ നീട്ടിക്കൊണ്ടുപോയത് ദളിത് വിഭാഗത്തോടുളള പ്രകടമായ അനീതിയാണെന്ന് ദളിത് മണ്ഡലം സെക്രട്ടറി നിഷാദ് ഭാസ്കരൻ ആരോപിച്ചു.

Related Articles

Leave a Reply

Back to top button