Kozhikode

ആശങ്കയില്‍ കോഴിക്കോട്; കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും കോഴിക്കോട് ജില്ലയിലുള്ളവരാണ്. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞദിവസങ്ങളിലായി ഉണ്ടായിരിക്കുന്നത്. 883 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91 ശതമാനം . കഴിഞ്ഞ ദിവസമിത് 7.8 ശതമാനമായിരുന്നു. അനുദിനം അതിവേഗത്തിലാണ് ജില്ലയിലെ കോവിഡ് രോഗികളുടെ വര്‍ധന.

ഇതില്‍ തന്നെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്. 414 പേര്‍ക്ക് വിവിധ വാര്‍ഡുകളിലായി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ കൊടുവള്ളി നഗരസഭയിലും ഒളവണ്ണ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്.

നേരത്തെ ലാര്‍ജ്ജ് ക്ലസ്റ്ററായിരുന്ന പഞ്ചായത്താണ് ഒളവണ്ണ. കഴിഞ്ഞ ദിവസം 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകാനും നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക എഫ് എല്‍ ടി സികള്‍ ഒരുക്കും. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കാണ് സൗകര്യമൊരുക്കുക.

Related Articles

Leave a Reply

Back to top button