Kodanchery

മഴ മാറിയിട്ടും പോത്തുണ്ടി പാലം നിർമാണം വൈകുന്നു

കോടഞ്ചേരി: കഴിഞ്ഞ വർഷം മഴ മൂലം നിർമാണം നിർത്തിവച്ച പോത്തുണ്ടി പാലത്തിന്റെ നിർമാണം പുനരാരംഭിച്ചില്ല. കഴിഞ്ഞ മഴയ്ക്കു മുൻപ് നിർദിഷ്ട പാലത്തിന്റെ ഒരു വശത്തെ പാർശ്വഭിത്തിയുടെ മുക്കാൽ ഭാഗവും പണിതു കഴിഞ്ഞിരുന്നു. എന്നാൽ മഴ മാറി മാസങ്ങൾ കഴിഞ്ഞിട്ടും തുടർ പണികളൊന്നും ആരംഭിച്ചിട്ടില്ല. പാലത്തിന്റെ മറുവശത്ത് പാർശ്വഭിത്തി നിർമാണത്തിനു തുടക്കം കുറിച്ചെങ്കിലും പണിയേണ്ട ഭാഗത്ത് മണ്ണ് നീക്കിയപ്പോൾ മണ്ണിനടിയിൽ ഉറപ്പുള്ള പാറ കാണാത്തതാണ് പണി വൈകാൻ കാരണമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

മണ്ണിനടിയിൽ ഉറപ്പുള്ള പാറ കണ്ടെത്താൻ ആകാത്തതിനാൽ ഇപ്പോൾ മണ്ണുപരിശോധന ആരംഭിച്ചിട്ടുണ്ട്. പുതിയ മണ്ണു പരിശോധനയുടെ റിപ്പോർട്ട് പൊതുമരാമത്ത് ഡിസൈനിങ് വിഭാഗത്തിനു നൽകണം. റിപ്പോർട്ട് കിട്ടിയ ശേഷം പാലത്തിന്റെ ഒരു വശത്തെ പാർശ്വഭിത്തി പൈലിങ് ഫൗണ്ടേഷനാണോ, വെൽ ഫൗണ്ടേഷനാണോ പണിയേണ്ടത് എന്ന് തീരുമാനിക്കുക. ഡിസൈനിങ് വിഭാഗത്തിന്റെ നിർദേശം കിട്ടിയാൽ ഉടൻ പാലം പണി പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.

2019ലെ പ്രളയക്കെടുതിയിൽ നിലവിലുണ്ടായിരുന്ന പാലത്തിന്റെ ഒരു സ്പാൻ പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാകുകയും അടിവാരം -നൂറാംതോട് റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ലക്ഷങ്ങൾ ചെലവിട്ട് താൽക്കാലിക പാലം നിർമിച്ച് ഗതാഗതം പുനരാരംഭിച്ചതാണ്. എന്നാൽ, പാലം പണി ആരംഭിച്ചതോടെ താൽക്കാലിക പാലം ഉപയോഗയോഗ്യമല്ലാതായി. ഇപ്പോൾ പുഴയിൽ നിർമിച്ച താൽക്കാലിക ചപ്പാത്ത് വഴിയാണ് വാഹനങ്ങൾ പോകുന്നത്.

വേനൽ മഴയിൽ പുഴയിൽ വെള്ളം ഉയർന്നാൽ ഈ ചപ്പാത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടും. മഴക്കാലത്തിനു മുൻപ് പാലത്തിന്റെ നിർമാണം പൂർത്തിയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.അടിവാരം -നൂറാംതോട്- തുഷാരഗിരി റോഡിൽ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പോത്തുണ്ടി പുഴയിലാണ് പുതിയ പാലത്തിന്റെ നിർമാണം. 23.80 മീറ്റർ നീളമുള്ള പാലത്തിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിർമാണ കാലാവധി 18 മാസമാണ്.

Related Articles

Leave a Reply

Back to top button