Puthuppady

ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം ഇന്ന്

ഈങ്ങാപ്പുഴ: ഹരിതകേരളം മിഷന്‍ ജലഉപമിഷന്റെ ഭാഗമായി പുതുപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിക്കുന്ന ജലഗുണനിലവാര പരിശോധന ലാബിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച്4) എംഎല്‍എ ലിന്റോ ജോസഫ് നിര്‍വഹിക്കും.

ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും 1.6 ലക്ഷം രൂപ വകയിരുത്തിയാണ് ലാബ് സജ്ജീകരിച്ചത്.
ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രാഥമിക ലാബ് സൗകര്യം എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്.

ജലപരിശോധനയുമായി ബന്ധപ്പെട്ട് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത്.

സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലപരിശോധന സംബന്ധിച്ചു ഓണ്‍ലൈനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഇതിനോടകം പരിശീലനം നടത്തിയിട്ടുണ്ട്.

പുതുപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷ സുല്‍ത്താന അധ്യക്ഷത വഹിക്കും

Related Articles

Leave a Reply

Back to top button