Thamarassery

കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ മൂന്ന് പ്രധാനപ്രതികളും കീഴടങ്ങി

താമരശ്ശേരി: കൂടരഞ്ഞി പൂവാറംതോട് തമ്പുരാൻകൊല്ലി ഭാഗത്തുനിന്ന്‌ ഉൾവനത്തിൽ പോയി കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിലെ മൂന്ന് പ്രധാനപ്രതികളും അന്വേഷണോദ്യോഗസ്ഥനായ താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന് മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് കേസിലെ പ്രധാന പ്രതികളായ പൂവാറംതോട് കാക്യാനിയിൽ ജിൽസൻ (33), മഞ്ഞക്കടവ് ആലക്കൽ എ.ജെ. ജയ്സൻ (54), കൂടരഞ്ഞി പൂവാറംതോട്‌ കയ്യാലക്കകത്ത് വിനോജ് (33) എന്നിവർ കീഴടങ്ങിയത്.

ജനുവരി 21-ന് കാട്ടുപോത്തിനെ വേട്ടയാടുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വനംവകുപ്പധികൃതർ എത്തിയപ്പോൾ ജിൽസൻ ഉൾപ്പെടെയുള്ള പ്രതികൾ റോട്ട് വീലർ നായകളെ വനം ഉദ്യോഗസ്ഥർക്കുനേരെ അഴിച്ചുവിട്ടാണ് രക്ഷപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികളിൽനിന്ന്‌ തോക്കിന്റെ തിരകൾ, ഹെഡ്‌ലൈറ്റുകൾ തുടങ്ങി കൂടുതൽ സാധനങ്ങൾ കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

കേസിൽ പ്രതികളിൽനിന്ന്‌ ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്നും പ്രതികളെ ഇനിയും കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ടെന്നും റെയിഞ്ച് ഓഫീസർ അറിയിച്ചു. ജനുവരി 21-ന് ഒളിവിൽപോയ പ്രതികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കർണാടകയിലും മാറി ഒളിവിലായിരുന്നു. കീഴടങ്ങിയ ഈ പ്രതികൾ അനധികൃത പന്നിഫാമിന്റെ മറവിലാണ് വന്യജീവിവേട്ടകൾ നടത്തിയിരുന്നത്.

ജിൽസൻ ഇതേ റെയ്ഞ്ചിലെ മറ്റൊരു കേസിലും ഇതിനൊപ്പം അറസ്റ്റിലായി റിമാൻഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ജിൽസന്റെ അനധികൃത പന്നിഫാമിനെതിരേയും നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. കേസിലെ മറ്റു പ്രതികളായ അയലാക്കോട്ടിൽ സുലൈമാൻ, കൂറപോയിൽ ജിതീഷ്, കളറാത്ത് ഹരീഷ് കുമാർ, കയ്യാലക്കകത്ത് ബിനോയ്, ആലക്കൽ മോഹനൻ എന്നിവരെ വനംവകുപ്പ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

തെളിവെടുപ്പിനും മറ്റുമായി കെ.കെ. സജീവ് കുമാർ, കെ. മണി, ബി.കെ. പ്രവീൺ കുമാർ, കെ.പി. പ്രശാന്തൻ, പി. വിജയൻ, ഒ. ശ്വേത പ്രസാദ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button