Mukkam

യുവതി ആത്മഹത്യചെയ്ത സംഭവം; ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവ്

മുക്കം: യുവതി കിണറ്റിൽച്ചാടി മരിച്ചകേസിൽ ഭർത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ചു. കൽപ്പായി പുൽപ്പറമ്പിൽ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവ് കല്ലുരുട്ടി കൽപ്പുഴായി പ്രജീഷ് (36), കല്ലുരുട്ടി വാപ്പാട്ട് വീട്ടിൽ ദിവ്യ (33) എന്നിവർക്ക് കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി (ഒന്ന്) കെ. അനിൽകുമാർ ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാംപ്രതിയായ പ്രജീഷിന് ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും രണ്ടാംപ്രതിയായ ദിവ്യക്ക്‌ അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക നീനയുടെ കുട്ടികൾക്ക് നൽകണം.

2019 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം. പ്രജീഷും ദിവ്യയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന് നീനയെ ഭർത്താവ് പ്രജീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നായിരുന്നു ആരോപണം. ഇതിനെത്തുടർന്ന് നീന ഭർത്തൃവീട്ടിലെ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

മുക്കം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, കെ. മുഹസിന എന്നിവർ ഹാജരായി.

Related Articles

Leave a Reply

Back to top button