Karassery

ഉദ്ഘാടനത്തിനൊരുങ്ങി കക്കാട് തൂക്കുപാലം

കാരശ്ശേരി : വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനംകുറിച്ച് കക്കാട്-മംഗലശ്ശേരിത്തോട്ടം കടവിൽ തൂക്കുപാലം ഉദ്ഘാടനത്തിന് സജ്ജമായി. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം അവസാനവട്ട മിനുക്കുപണിയിലാണ്. 2020 ഡിസംബറിലാണ്‌ പ്രവൃത്തി തുടങ്ങിയത്. സാവധാനത്തിൽ നീക്കിയ പണികൾ കോവിഡും ലോക്ഡൗണും കാരണം കുറെക്കാലം മുടങ്ങിയിരുന്നു. ഒരു പുഴയുടെ അക്കരെയിക്കരെ നോക്കിയാൽ കാണാവുന്ന ദൂരത്തായിട്ടും തമ്മിൽ കാണാനും വീടുകളിലെത്താനും തെയ്യത്തുംകടവ്- കൊടിയത്തൂർ വഴിയോ ചേന്ദമംഗലൂർ-കച്ചേരി- മുക്കം വഴിയോ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം.

വർഷങ്ങൾക്കുമുമ്പ് കടത്തു തോണിയുണ്ടായിരുന്നു. കാരശ്ശേരിപ്പഞ്ചായത്തിലെ കക്കാട്, ചീപ്പാൻകുഴി, മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗലൂർ മംഗലശ്ശേരിത്തോട്ടം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കൊടിയത്തൂർ, ചെറുവാടി, കാരശ്ശേരി, മുക്കം, ചേന്ദമംഗലൂർ പ്രദേശങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പോകാൻ ചുറ്റിക്കറങ്ങണമായിരുന്നു.

ഈ സ്ഥിതി പരിഗണിച്ചാണ് 2016-ൽ 77 ലക്ഷം രൂപ വകയിരുത്തി തൂക്കുപാലം പണിയാൻ നടപടി തുടങ്ങിയത്. പുഴയിലെ വലിയ വെള്ളപ്പൊക്കവും ശക്തമായ ഒഴുക്കും നേരിടാൻ കൂടുതൽ ഉറപ്പുള്ള പാലം വേണമെന്ന നിർദേശമുയർന്നതിൽ 2017-ൽ അന്നത്തെ എം.എൽ.എ. ജോർജ് എം. തോമസ് മുൻകൈ എടുത്ത് തൂക്കുപാലം കൂടുതൽ മെച്ചപ്പെട്ട നിലയിൽ നിർമിക്കുന്നതിന് ശ്രമം തുടങ്ങി. ഇതിനായി രണ്ടുകോടി രൂപയും വകയിരുത്തി. പദ്ധതി വിപുലീകരിച്ചതോടെ 2.4 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി തുടർനടപടികളും നടക്കുമ്പോഴാണ് 2018-ലെ പ്രളയമുണ്ടായത്.

Related Articles

Leave a Reply

Back to top button