Kodanchery

മലബാര്‍ റിവര്‍ ഫെസ്റ്റിവൽ: തുഷാരഗിരിയിൽ സ്ത്രീകളുടെ മഴ നടത്തം ശ്രദ്ധേയമായി

കോടഞ്ചേരി: മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം  സംഘടിപ്പിച്ച സ്ത്രീകളുടെ മഴനടത്തം ശ്രദ്ധേയമായി. മഴയെ വകവെക്കാതെ 35 ലേറെ സ്ത്രീകള്‍ തുഷാരഗിരിയില്‍ ഒത്തുകൂടി, കാഴ്ചകള്‍കണ്ട് മഴയോടൊപ്പം അവര്‍ നടന്നത് ആറ് കിലോമീറ്റര്‍ ദൂരമാണ്. മഴക്കാഴ്ചകളും പ്രകൃതിയുടെ മനോഹാരിതയും നുകർന്ന് ആർത്തുല്ലസിച്ചായിരുന്നു ഇവരുടെ യാത്ര. 

ഇന്നലെ രാവിലെ 9.30 ന് തുഷാരഗിരി ഡി ടി പി സി സെന്ററില്‍ നിന്നും ആരംഭിച്ച നടത്തം ലിന്റോ ജോസഫ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണ്‍, ലിസ കോളേജ് കൈതപ്പൊയില്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐവറി ഹോം സ്റ്റേ തുഷാരഗിരിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. മഴനടത്തം വട്ടച്ചിറയില്‍ സമാപിച്ചു.
 
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം.

Related Articles

Leave a Reply

Back to top button