Thiruvambady

തൊണ്ടിമ്മൽ – ഗേറ്റുംപടി റോഡിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ജനവാസകേന്ദ്രങ്ങളിലാണ് ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത്.

വിവാഹം, മറ്റ് ആഘോഷവേളകളിൽനിന്നുള്ള ഡിസ്‌പോസിബിൾ ഇനങ്ങൾ, ഭക്ഷണാവശിഷ്ടം, കുട്ടികളുടെയും മുതിർന്നവരുടേയും ഡയപേഴ്‌സ് തുടങ്ങിയവും കൊണ്ടിടുന്നുണ്ട്.

പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈച്ച, കൊതുക് ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ശല്യം പെരുകിയതായി പരിസരവാസികൾ പറയുന്നു. രൂക്ഷമായ ദുർഗന്ധവുമുണ്ട്. നായകൾ, പന്നികൾ എന്നിവ മാലിന്യം കടിച്ചുവലിച്ച് സമീപങ്ങളിലെ കിണർ ഉൾപ്പെടെയുള്ള ജലസ്രതോസ്സുകളിൽ കൊണ്ടിടുന്നത് കുടിവെള്ളവും മുട്ടിക്കുന്നു. സന്നദ്ധസംഘടനയായ ഓൾ ഫ്രണ്ട്സ് തൊണ്ടിമ്മൽ പ്രദേശത്ത് ബോർഡ് സ്ഥാപിക്കുകയും രാത്രിയിലും പകലും നിരീക്ഷണമേർപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുകയും അവരെക്കൊണ്ടുതന്നെ വാരിക്കുകയും ചെയ്തു. രാത്രി ഇവിടെ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ഓൾ ഫ്രണ്ട് തൊണ്ടിമ്മൽ ആവശ്യപ്പെട്ടു. യോഗത്തിൽ സി.ടി. അജീഷ് അധ്യക്ഷതവഹിച്ചു. കെ.പി. രമേശ്, കെ.പി. രാജേഷ്, എസ്. ഷിബു, സി.ടി. രജീഷ്, കെ.പി. ബൈജു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button