പഞ്ചായത്ത് കായികമേളയിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിന് ഓവറോൾ കിരീടം

കോടഞ്ചേരി: ഇന്ന് നടന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കായികമേളയിൽ 76 പോയിന്റോട് കൂടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ കിരീടം നിലനിർത്തി. പഞ്ചായത്തിലെ 8 എൽ പി സ്കൂളുകൾ മാറ്റുരച്ച മേളയിൽ 34 പോയിന്റോട് കൂടി മുറമ്പാത്തി ഗവ: എൽ പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മിനി ബോയ്സ് വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ ഗോഡ്‌സൺ ഷാജുവും, മിനി ഗേൾസ് വിഭാഗത്തിൽ കൂടത്തായി സെന്റ് ജോസഫ് എൽ. പി. സ്ക്കൂളിലെ ഡിയോന അനൂപും,കിഡ്ഡീസ് ബോയ്സ് വിഭാഗത്തിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി. സ്കൂളിലെ ക്രിസ്റ്റോ ഷാജുവും,കിഡ്ഢിസ് ഗേൾസ് വിഭാഗത്തിൽ വേളംകോട് സെന്റ് ജോർജ് സ്കൂളിലെ എയ്ഞ്ചൽ മേരിയും വ്യക്തിഗത ചാമ്പ്യന്മാരായി.
പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, പിടിഎ പ്രസിഡണ്ട് സിബി തൂങ്കുഴി, ഹെഡ്മിസ്ട്രസ് ജിമോൾ.കെ, കായിക അധ്യാപകൻ അനൂപ്, ഷിജോ ജോൺ എന്നിവർ വിജയികളെ അഭിനന്ദിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു.







