Kodanchery

ജാതി കൃഷിയെക്കുറിച്ചും, ജാതിക്ക കൊണ്ട് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ക്ലാസ് നടത്തി

കോടഞ്ചേരി:കോഴിക്കോട് ജില്ല, ഹരിതമിത്രം കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ, Dr. Y.R. ശർമ മെമ്മോറിയൽ ഫൗണ്ടേഷന്റെ വക ജാതി കൃഷിയെക്കുറിച്ചും, ജാതിക്ക കൊണ്ട് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചും, വിപുലമായ ക്ലാസ് നടത്തി.

ജാതി കൃഷി ഉൽപാദനക്കുറവും, വിലത്തകർച്ചയും മൂലം ലാഭകരം അല്ലാത്തതിനാൽ, വൻ തോതിൽ കൃഷി ചെയ്യുന്നവർ പോലും കൃഷി മതിയാക്കുവാൻ​തയ്യാറായി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജാതിയിൽ നിന്ന് കൂടുതൽ വരുമാനം എങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചുള്ള ക്ലാസുകൾ ഐ. സി. എ. ആർ -വൈ. ഐ. എസ്‌. ആർ കോഴിക്കോടിലെ സയന്റിസ്റ്റ് മാരായ ഡോ:ഈശ്വർ ബട്ട്, ഡോ:ഇ ജയശ്രീ, ഡോ: മുഹമ്മദ് നിസാർ, ഡോ: അൽഫിയ പി. വി എന്നിവർ കർഷകർക്ക് ക്ലാസുകൾ എടുത്തു.

ഹരിത മിത്രത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങാനിരിക്കുന്ന FPC (ഫാർമർ പ്രൊഡ്യൂസർ കമ്പനി)യുടെ രൂപീകരണത്തെ കുറിച്ചും, FPC യുടെ ആദ്യ സംരംഭമായ പച്ചക്കറി കൃഷിയും, അതിന്റെ ഉൽപന്ന വിപണനത്തെ സംബന്ധിച്ച വിശദീകരണവും ചർച്ചയും നടന്നു. സെമിനാറിൽ പങ്കെടുക്കുന്നവർക്ക്‌ പച്ചക്കറി വിത്തുകൾ സൗജന്യമായി നൽകി. സെമിനാറിനോടനുബന്ധിച്ച്‌, നിലവിലുള്ള വിലയിൽ നിന്ന് 10% വിലകുറവിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

കർഷക സെമിനാർ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വില്യംസ് അമ്പാട്ട് സ്വാഗതം പറഞ്ഞു. മാക്സി ജോസഫ് കൈനടി, അഹമ്മദ് കുട്ടി കൊയപ്പത്തൊടി, കൃഷി ഓഫീസർ രമ്യ, ഏലിയാസ് പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button