ശക്തമായ മഴയും ലോക്ഡൗണും മലയോര കർഷകരെ ദുരിതത്തിൽ

കോടഞ്ചേരി : കോടഞ്ചേരിയിൽ പെയ്യുന്ന ശക്തമായ മഴയും ലോക്ഡൗണും കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.റബർ കർഷകരാണ് ഏറ്റവും കൂടുതൽ ഇപ്പോൾ ദുരിതമനുഭവിക്കുന്നത്.
മഴ കനത്തതോടുകൂടി കഴിഞ്ഞദിവസങ്ങളിൽ ഒന്നും റബർ ടാപിംഗ് പലർക്കും സാധിച്ചിട്ടില്ല. ഇതിനു മേലെ ഇരുട്ടടിയായി പാൽ സംഭരിക്കുന്നതിലുള്ള മിൽമയുടെ നിയന്ത്രണങ്ങളും തിരിച്ചടിയായി. കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന കർഷകർ ജീവിതം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ നട്ടം തിരിയുകയാണ്.
മലഞ്ചരക്കു വ്യാപാര സ്ഥാപനങ്ങൾ ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ മാത്രമാണ് തുറക്കുന്നത്. റബർ ടാപിംഗ് സാധിക്കാതെ വന്നതോടുകൂടി കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വിപണിയിൽ എത്തിക്കുവാനും കഴിയുന്നില്ല. ലോക്ഡൗൺ മൂലം മറ്റു സാമ്പത്തിക സ്രോതസുകൾ കൂടി അടഞ്ഞതോടെ കുടുംബചെലവുകൾ നടത്തുവാൻ ബുദ്ധിമുട്ടുകയാണ് പലരും.
മിൽമ പാൽ സംഭരണം വെട്ടിക്കുറച്ച നടപടിയെ തുടർന്ന് ക്ഷീരകർഷകരും ദുരിതത്തിലായി. പാലിന്റെ 60 ശതമാനം മാത്രമാണ് ഇപ്പോൾ മിൽമ എടുക്കുന്നത്. ബാക്കി 40 ശതമാനവും തിരിച്ചു കൊടുത്തു വിടുകയാണ്. വൈകിട്ട് കർഷകരിൽ നിന്ന് പാൽ സഭരിച്ചിരുന്നത് ഇപ്പോൾ പൂർണമായും നിർത്തിയിരിക്കുകയാണ്.
ഇതാണ് കർഷകരെ വലച്ചത്. കർഷകർക്ക് സാമ്പത്തിക നഷ്ടത്തിന് പുറമെ വൈകിട്ടത്തെ ലിറ്റർ കണക്കിന് പാൽ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയാണിപ്പോൾ. കാലിത്തീറ്റയ്ക്കും ചികിത്സയ്ക്കും മറ്റുമായി വളരെ ഉയർന്ന തുകയാണ് കർഷകർ ചെലവഴിക്കുന്നത്. പഞ്ചായത്തിൽ കോടഞ്ചേരി, നെല്ലിപ്പൊയിൽ,കണ്ണോത്ത്, പൂളവള്ളി, മൈക്കാവ് എന്നീ അഞ്ച് ക്ഷീരോത്പാദക സഹകരണ സംഘങ്ങളാണുള്ളത്. 750 ഓളം ക്ഷീരകർഷകരാണ് ഈ അഞ്ച് സംഘങ്ങളിലായി പാൽ നൽകുന്നത്.






