Karassery
നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: നവീകരിച്ച കക്കാട് കുന്നത്ത്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹമ്മദ് കുട്ടി മുസ്ല്യാരുടെ അധ്യക്ഷതയിൽ കേരളാ മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ബുഖാരി ഉദ്ഘാടനം നിർവഹിച്ചു. ദേവർഷോല അബ്ദുസലാം മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി. നിർമാണത്തിൽ പങ്കാളികളായ നാട്ടുകാരെ ചടങ്ങിൽ ആദരിച്ചു.
മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സൗഹൃദസംഗമം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ കാസിം, വി വസീഫ്, എം.ടി അഷ്റഫ്, ടി.പി.സി മുഹമ്മദ് ഹാജി, ജി അഹമ്മദ്, ജി അബൂബക്കർ, ജി ഷഫീഖ് ഇഹ്സാൻ തുടങ്ങിയവർ സംസാരിച്ചു.







