Kozhikode

ഇനി സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട, ഉദ്യോഗസ്ഥരെ കാണാൻ ആപ്പ്

കോഴിക്കോട് ∙ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥരെ കാണാൻ ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട, ക്യൂവിലും നിൽക്കേണ്ട. ജില്ലാ ഭരണകൂടം തയാറാക്കിയ ‘നമ്മുടെ കോഴിക്കോട്’ മൊബൈൽ ആപ്ലിക്കേഷൻ വഴി സമയവും തീയതിയും നിശ്ചയിച്ച് ഉദ്യോഗസ്ഥരെ കാണാം. ‘നമ്മുടെ കോഴിക്കോട് ’ ആപ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു റജിസ്റ്റർ ചെയ്യുക.

അതിനു ശേഷം ‘ഒരു ഉദ്യോഗസ്ഥനെ കണ്ടുമുട്ടുക’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതത് വകുപ്പും ഉദ്യോഗസ്ഥനെയും തിരഞ്ഞെടുത്ത് സൗകര്യപ്രദമായ സമയം, മീറ്റിങ്ങിനുള്ള ആവശ്യം എന്നിവ രേഖപ്പെടുത്തുക.

മുഖാമുഖം, വോയ്സ് കോൾ, വിഡിയോ കോൾ എന്നീ സൗകര്യങ്ങളുമുണ്ട്. ഒരു ദിവസത്തിനകം മറുപടി ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കലക്ടറുടെ അപ്പോയ്ന്റ്മെന്റ് സൗകര്യവും ലഭ്യമാണ്.

മാലിന്യം തള്ളലിനെതിരെ പരാതിപ്പെടാം

‘നമ്മുടെ കോഴിക്കോട് ആപ്ലിക്കേഷൻ വഴി പൊതുജനങ്ങൾക്കു വഴിയരികിൽ മാലിന്യം തള്ളുന്നവർക്കെതിരെയും പരാതിപ്പെടാം. കഴിഞ്ഞ ദിവസം മലാപ്പറമ്പ് ബൈപാസിന്റെ വശങ്ങളിലെ മാലിന്യം നീക്കം ചെയ്തിട്ടും മണിക്കൂറുകൾക്കകം വീണ്ടും തള്ളിയിരുന്നു. ഇത്തരം സംഭവം തടയാനാണ് ആപ്ലിക്കേഷനിലൂടെ പരാതിപ്പെടാനുള്ള സൗകര്യമൊരുക്കിയത്. മാലിന്യം തള്ളുന്നതിന്റെ ചിത്രം സഹിതമോ അല്ലാതെയോ പരാതിപ്പെടാൻ സാധിക്കും.

News from Manorama

Related Articles

Leave a Reply

Back to top button