Mukkam

നിർമിച്ച ഉത്‌പന്നങ്ങൾക്ക് വിപണി കണ്ടെത്താനാവുന്നില്ല: ദുരിതത്തിലായി ഭിന്നശേഷിക്കാർ

മുക്കം: സ്കൂൾ വിപണി ഉൾപ്പെടെ മുന്നിൽക്കണ്ട് നിർമിച്ച ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനാകാതായതോടെ സ്വയംസംരംഭകരായ ഭിന്നശേഷിക്കാർ ദുരിതത്തിൽ. മുക്കം ചേന്ദമംഗലൂർ സ്വദേശി ഷമീർ, മുരിങ്ങംപുറായി സ്വദേശി മുഹമ്മദലി എന്നിവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരാണ് ദുരിതത്തിലായത്. സീസൺ മുന്നിൽക്കണ്ട് നിർമിച്ച പേനകളും കുടകളും വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് ഇവർ പറയുന്നു. പലരിൽനിന്ന്‌ കടംവാങ്ങിയാണ് നിർമാണസാമഗ്രികൾ വാങ്ങിയത്. ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെവന്നതോടെ പലരും കടത്തിലായി. പരസഹായത്താൽ ഇരുന്നും കിടന്നും നിർമിക്കുന്ന കുടകളായിരുന്നു ഇവരുടെ പ്രധാന ഉത്പന്നം. കടലാസ്‌ പേനയും ഫാൻസി സാധനങ്ങളും നിർമിക്കാറുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് സാധനങ്ങൾ നിർമിക്കുന്നത്.

വീട്ടിൽ വീൽച്ചെയറിലിരുന്ന് നിർമിക്കുന്ന കുടകൾ ബസ്‌സ്റ്റാൻഡുകളിലെത്തിച്ചും പാലിയേറ്റീവ് സ്ഥാപനങ്ങളിലെ വിദ്യാർഥി വൊളന്റിയർമാർ മുഖേനയുമായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ഭിന്നശേഷിക്കാർ മുച്ചക്രവാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി വിൽപ്പന നടത്തുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം ഇരുനൂറിലേറെ ഭിന്നശേഷിക്കാരാണ് സ്വയംതൊഴിൽ ഇല്ലാതായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഇത് മരുന്ന് വാങ്ങാൻപോലും തികയില്ല. പരസഹായമില്ലാതെ ഇരിക്കാനും കിടക്കാനും കഴിയാത്ത ഇവർക്ക് കടക്കെണിയിൽനിന്ന് രക്ഷനേടാനും പരസഹായം കൂടിയേ കഴിയൂ. ഫോണിൽ ബന്ധപ്പെടുന്നവർക്ക് കുടകൾ ഉൾപ്പെടെ എത്തിച്ചുകൊടുക്കുമെന്നും സുമനസ്സുകളുടെ വിളിയിലാണ് ഏക പ്രതീക്ഷയെന്നും ഷമീർ പറയുന്നു. മുൻ വർഷങ്ങളിലെല്ലാം ചില സംഘടനകളും വിദ്യാലയങ്ങളുമുൾപ്പെടെ കുടകൾ മൊത്തമായി വാങ്ങിയിരുന്നു. ഇത്തവണയും ആരങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Related Articles

Leave a Reply

Back to top button