കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പദ്ധതി ഉദ്ഘാടനം ജൂലൈ 10ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും

തിരുവമ്പാടി: ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായ കോഴിക്കോട് അഗ്രോ ഫാം ടൂറിസ പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കൊടുവള്ളി
ബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കുകയാണ്.
കാർഷിക മേഖലയിൽ പ്രവര്‍ത്തിക്കുന്നവർക്ക് അധിക വരുമാനത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് കാർഷിക രംഗത്തെ സംരക്ഷിക്കാനും അതോടൊപ്പം ടൂറിസ മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും ടൂറിസ രംഗത്തുനിന്നും വരുമാനം കണ്ടെത്തുവാൻ സാധാരണ ജനങ്ങളെ സഹായിക്കുവാനുമായി നൂതന-പരീക്ഷണ-മാതൃകാ പദ്ധതി എന്ന നിലയിലാണ് പൈലറ്റ് പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത, കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 2023 ജൂലൈ 10ന്
വൈകുന്നേരം 5 മണിക്ക് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ല് ഡ്രീം ഏക്കേർസ് പദ്ധതിയിൽ വെച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ പങ്കെടുക്കും.







