Thiruvambady

ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിനായി കാത്തിരിപ്പ്

തിരുവമ്പാടി: കോവിഡ് രോഗികൾക്ക് ദുരിതമായി മാറി. ജില്ലയിൽ നൂറുകണക്കിന് ആർ.ടി.പി.സി.ആർ പരിശോധന ഫലമാണ് വരാനുള്ളത്. പരിശോധന നടത്തിയ പിറ്റേദിവസം ലഭിച്ചിരുന്ന ഫലമാണ് ഇപ്പോൾ ദിവസങ്ങളോളം വൈകുന്നത്. കോവിഡ് രോഗലക്ഷണങ്ങളുള്ളവരും ലക്ഷണം പ്രകടിപ്പിക്കാത്ത രോഗവാഹകരും ഒരേപോലെ ദുരിതമനുഭവിക്കുകയാണ് പരിശോധന ഫലം ലഭിക്കാത്തതു കാരണം. രോഗികൾക്ക് കൃത്യമായ ചികിത്സ നിർണയത്തിന് പരിശോധന ഫലം അനിവാര്യമാണ്. പരിശോധന ഫലം ലഭിക്കാത്ത രോഗികൾക്ക് ആരോഗ്യ വകുപ്പ് കാര്യമായ പരിഗണനപോലും നൽകുന്നില്ലെന്ന് പരാതിയുണ്ട്.

പരിശോധന ദിവസം തന്നെ ലഭിച്ചിരുന്ന ആൻറിജൻ പരിശോധന ഫലം വൈകി ലഭിക്കുന്നതായും ആക്ഷേപമുണ്ട്. ജില്ലയിലെ പല സർക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകൾ കോവിഡ് പരിശോധനക്കായി ‘ക്യൂ’വിലാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പരിശോധനക്ക് എത്തുന്നവർ നിരാശയോടെ മടങ്ങുന്ന കാഴ്ചയും ചില കേന്ദ്രങ്ങളിലുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും പരിശോധനക്കുപോയാൽ ഫലം പെട്ടെന്ന് ലഭിക്കുമെന്ന് ആരോഗ്യ പ്രവർത്തകർതന്നെ പറയുന്നു.

പരിശോധന ഫലം പോസിറ്റിവായ രോഗികൾക്കാണ് അടിയന്തര ആംബുലൻസ് സഹായം ഉൾപ്പെടെ ലഭിക്കുകയെന്ന് അധികൃതർ സൂചന നൽകി.പോസിറ്റിവ് ഫലം ലഭിക്കാതെ രോഗം ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ ആരു പരിഗണിക്കുമെന്ന ചോദ്യമുയരുന്നുണ്ട്. പരിശോധന സാമ്പിളുകളുടെ ആധിക്യമാണ് ആർ.ടി.പി.സി.ആർ ഫലം ഏഴു ദിവസത്തോളം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. വീട്ടിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കാനുള്ള സൗകര്യങ്ങളില്ലെന്ന പരാതിയുമുയരുന്നു.

Related Articles

Leave a Reply

Back to top button