Thiruvambady

ബിവറേജസ് വിൽപ്പനശാലയോടുചേർന്ന് പണിത കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നോട്ടീസ്

തിരുവമ്പാടി : ബിവറേജസ് വിൽപ്പനശാലയോടുചേർന്ന് പണിത കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. 2023 മാർച്ച് 28-ന് ഗ്രാമപ്പഞ്ചായത്ത് പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന കെട്ടിടമാണിത്. തൊമരകാട്ടിൽ നിധിൻ ജോയ്, ടീന തോമസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമാണാനുമതിയോ കെട്ടിടനമ്പറോ വാണിജ്യ-വ്യാപാര ലൈസൻസോ ഇല്ലാതെ അനധികൃതമായി കെട്ടിടം നിർമിച്ച്‌ വാണിജ്യസ്ഥാപനം നടത്തുന്നതായി കണ്ടെത്തിയത്.

15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. കെട്ടിടനിർമാണത്തിനായി ഉടമ പഞ്ചായത്തിൽ സമർപ്പിച്ച പ്ലാനുകൾ ചട്ടവിരുദ്ധമായതിനാൽ പഞ്ചായത്ത് നിരസിച്ചതായി നോട്ടീസിൽ പറയുന്നു. നാളിതുവരെയായി കെട്ടിടം ക്രമവത്കരിച്ചിട്ടില്ല. പത്തുദിവസത്തിനകം കെട്ടിടയുടമകളോട് രേഖാമൂലം ഹാജരാകാനും അല്ലാത്തപക്ഷം തുടർനടപടി കൈക്കൊള്ളുമെന്നും നോട്ടീസിൽ പറയുന്നു. ഇതിനായി പോലീസ് സഹായവും തേടിയിട്ടുണ്ട്.

വിവരാവകാശപ്രവർത്തകൻ ആനടിയിൽ സെയ്തലവിയാണ് 2023 ഫെബ്രുവരിയിൽ അനധികൃതനിർമാണവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തന്റെ പരാതിയിൽ 2023 മാർച്ച് 28-ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെട്ടിടനിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകുകയും പൊളിച്ചുനീക്കാൻ അന്ന് ഉത്തരവുണ്ടാവുകയും ചെയ്തിരുന്നുവെന്നും എന്നാൽ, യാതൊരുവിധ തുടർനടപടിയും ഇല്ലാത്തതിനാൽ ഉടമ വീണ്ടും കെട്ടിടനിർമാണം തുടരുകയായിരുന്നുവെന്നും സെയ്തലവി പറഞ്ഞു. ഗുരുതരവീഴ്ചവരുത്തിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button