മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരിയിൽ പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു

കാരശ്ശേരി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരിയിൽ പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത ജനകീയ ഹരിത ഓഡിറ്റ് സമിതി അംഗങ്ങളിൽ നിന്ന് റിപ്പോർട്ട് ഏറ്റുവാങ്ങി. പഞ്ചായത്തിലെ 18 വാർഡിലും നടത്തിയ ഗ്രാമസഭയിലെ വിലയിരുത്തലുകളുടെയും 15 അംഗ പഞ്ചായത്ത് തല ജനകീയ ഹരിത ഓഡിറ്റ് സമിതിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ യോഗങ്ങളിലെ വിലയിരുത്തലുകളും ക്രോഡീകരിച്ചാണ് ജനകീയ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ജനകീയ ഓഡിറ്റിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേർ പങ്കെടുത്തു. ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിലെ പുരോഗതി, അജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യ ശേഖരണം മെച്ചപ്പെടുത്താൻ നടത്തിയ ഇടപെടലുകൾ, ശേഖരിച്ച അജൈവ മാലിന്യങ്ങൾ തരം തിരിച്ച് കൈമാറുന്നതിന് നടപ്പിൽ വരുത്തിയ പദ്ധതികൾ തുടങ്ങിയ നിരവധി വിഷയങ്ങൾ ജനകീയ ഓഡിറ്റിംഗിൽ ചർച്ചക്ക് വിധേയമാക്കി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിനോദ് ഉദ്യാനം സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത്, ഇ.പി അജിത് കുമാർ, റുക്കിയ റഹീം, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിയ റഹ്മാൻ, സി.ഡി.എസ് ചെയർപെഴ്സൺ ദിവ്യ, ഹരിത കർമ സേന സെക്രട്ടറി സഫിയ, ഹെഡ് ക്ലർക്ക് സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കെ രവീന്ദ്രൻ, നടുക്കണ്ടി അബൂബക്കർ, ഷിനോദ് ഉദ്യാനം, ചാലൂളി ബീരാൻ കുട്ടി എന്നിവരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.