വിൽപന നടത്തുന്നതിനിടെ എം.ഡി.എം.എയുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി

കൂടരഞ്ഞി: വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. പിടിയിലായത് സ്കൂൾ കുട്ടികൾക്ക് അടക്കം എം.ഡി.എം.എ വിലപ്ന നടത്തുന്ന ഡീലറാണെന്നു പോലീസ് അറിയിച്ചു. കൂടരഞ്ഞി കൂമ്പാറയിൽ വെച്ച് വാഹന പരിശോധന നടത്തവേ ആണ് 1.99 ഗ്രാം എം.ഡി.എം.എയുമായി ഷൗക്കത്തിനെ പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
രണ്ടാഴ്ച മുമ്പ് കള്ളിപ്പാറ സ്വദേശിയെ എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ഷൗക്കത്തിനെ പിടികൂടിയത്. എം.ഡി.എം.എ ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുകയാണ് ഇയാളുടെ രീതി. വില്പനക്കുള്ള ചെറിയ പാക്കറ്റുകളും വാഹനത്തിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.