Kodanchery
മലയോര ഹൈവേയിൽ വീണ്ടും അപകടം; കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

കോടഞ്ചേരി: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിൽ പുലിക്കയത്ത് കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. രാത്രിയിൽ കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുലിക്കയത്തുള്ള ഓഫീസിന് സമീപം വളവിലാണ് കാർ വീട്ട് മുറ്റത്തേക്ക് മറിഞ്ഞത്. സമീപത്തുള്ള ഒരു വൈദ്യുത പോസ്റ്റും തകർത്താണ് കാറ് താഴെയുള്ള വീട്ടുമുറ്റത്തേക്ക് പതിച്ചത്.
അപകടമറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് എത്തിയപ്പോഴേക്കും കാറ് യാത്രക്കാർ ഇവിടെ നിന്നു പോയിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഓമശ്ശേരി സ്വദേശികളുടേതാണ് കാർ എന്നും കരുതുന്നതായി പ്രദേശവാസികൾ പറയുന്നു. അപകട സാധ്യതയുള്ള പ്രദേശമായതിനാലും വളവിനോട് ചേർന്ന് വീടുകളും ഉള്ളതിനാലും ഇവിടെ സുരക്ഷാ മുൻകരുതലുകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.







