വല്ലത്തായിക്കടവിൽ പാലം യാഥാർഥ്യത്തിലേക്ക്
കാരശ്ശേരി: വല്ലത്തായി കടവിൽ പുതിയ കോൺക്രീറ്റ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. കാരമൂല-വല്ലത്തായി -തേക്കുംകുറ്റി റൂട്ടിൽ കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴയിൽ കാരമൂല വല്ലത്തായി കടവിലാണ് പുതിയ പാലം വരുന്നത്. 4.95 കോടിരൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണക്കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. നിലവിൽ വല്ലത്തായ് കടവിൽ വീതികുറഞ്ഞ വെന്റ്പൈപ്പ് പാലമാണുള്ളത്.
കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന പാലം പൊളിച്ചുമാറ്റി ഉയരവും വീതിയും കൂട്ടി പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പാലത്തിനപ്പുറവും ഇപ്പുറവും റോഡ് വീതികൂട്ടി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടും ബസ് ഗതാഗതത്തിന് പ്രയോജനപ്പെടാതെ കിടക്കുകയാണ്. പാലം യാഥാർത്ഥ്യമായാൽ വല്ലത്തായിപ്പാറ, കപ്പാല, തേക്കുംകുറ്റി, മരഞ്ചാട്ടി, തോട്ടക്കാട്, തോട്ടുമുക്കം തുടങ്ങിയ ഉൾനാടുകളിലേക്ക് തിരുവമ്പാടിയിൽ നിന്നും മുക്കത്തു നിന്നുമൊക്കെ ബസ് ഗതാഗതം അടക്കമുള്ള യാത്രയ്ക്ക് സൗകര്യമാവും. ഇതോടെ തോട്ടക്കാട് പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. കോളേജിലേക്ക് ബസ് സൗകര്യം പരിമിതമാണെന്ന പരാതിക്കും പരിഹാരമാകും.