തോട്ടിലേക്ക് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 25000 രൂപ പിഴയിട്ടു
തിരുവമ്പാടി: തൊണ്ടിമ്മൽ പഞ്ചായത്ത് കിണറിന് സമീപത്തു കൂടി ഒഴുകുന്ന തോട്ടിലേക്ക് അർബാന വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിലുള്ള എൻഫോയ്സ്മെന്റ് ടീം 25000 രൂപ പിഴ ഈടാക്കി.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നാടാകെ ശുചീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾ തോട്ടിലേക്ക് കെട്ടിടാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം തള്ളിയത് ജനങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അസിസ്റ്റന്റ് സെക്രട്ടറി ആർ നിഷാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി, മുഹമ്മദ് മുസ്തഫ ഖാൻ കെ പി, എച്ച്. എസ് അയന (പഞ്ചായത്ത് എച്ച്.ഐ) എന്നിവർ നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് ഏൽപ്പിക്കാതെ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെയും കർശന നിയമനടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടും സെക്രട്ടറി ബിബിൻ ജോസഫും അറിയിച്ചു.