കള്ള്ഷാപ്പില്‍ പാട്ടുപാടിയത് എതിര്‍ത്തതിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട് അക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ കീഴടങ്ങി

കോടഞ്ചേരി: പുതുപ്പാടിയില്‍ കള്ള്ഷാപ്പില്‍ പാട്ടുപാടിയത് എതിര്‍ത്തതിന്റെ പേരില്‍ ഷാപ്പ് നടത്തിപ്പുകാരനായ സി.പി.എം പ്രവര്‍ത്തകന്റെ വീട് അക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് അടിവാരം പോത്തുണ്ടി മാളിക വീട്ടില്‍ ശശിയുടെ മകന്‍ കെ കെ സരൂപ് (27), അടിവാരം കണലാട് ടി രാജേഷ് (34), അടിവാരം തോട്ടത്തില്‍ കെ ലിജീഷ് ചന്ദ്രന്‍(33) എന്നിവരാണ് കോടഞ്ചേരി സ്‌റ്റേഷനില്‍ കീഴടങ്ങിയത്.
കഴിഞ്ഞ മാസം 25ന് വൈകിട്ടാണ് വെസ്റ്റ് കൈതപ്പൊയിലിലെ കള്ള് ഷാപ്പില്‍ സംഘര്‍ഷമുണ്ടായത്. മണിക്കൂറുകളോളം പാട്ടുപാടി ഇരുന്നതിനെ ഷാപ്പ് നടത്തിപ്പുകാരനായ ബിജു എതിര്‍ത്തതിനെ തുടര്‍ന്ന് ഷാപ്പ് അടിച്ച് തകര്‍ക്കുകയും ബിജുവിനെ അക്രമിക്കുകയുമായിരുന്നു. പിന്നീട് ബിജുവിന്റെ ചിപ്പിലിത്തോടുള്ള വീട്ടിലെത്തി ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും ഭാര്യയേയും മകളേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ശശിയുടെ വീടും അക്രമിക്കപ്പെട്ടു. കേസില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.