Mukkam

പുഴകൾ കരകവിഞ്ഞ് വ്യാപക നാശനഷ്ടം

മുക്കം: കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞ് വ്യാപക നാശ നഷ്ടങ്ങൾ. ഇരുവഞ്ഞിപ്പുഴയും ചെറിയ പുഴയും കരകവിഞ്ഞൊഴുകി പാലങ്ങൾ വെള്ളത്തിൽ മുങ്ങി.മൈതാനങ്ങളും വെള്ളത്തിലായി. കിണറുകളും മതിലുകളും തകർന്നു. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയെയും വല്ലത്തായ്പാറയെയും ബന്ധിപ്പിക്കുന്ന വെന്റ് പൈപ് പാലം വെള്ളത്തിൽ മുങ്ങി ഗതാഗതം സ്തംഭിച്ചു. കാരശ്ശേരി പഞ്ചായത്തിന്റെ കുമാരനെല്ലൂരിലെ ഗ്രൗണ്ടും വെള്ളത്തിൽ മുങ്ങി.

അമ്പലക്കണ്ടി അപ്പൻതൊടുകയിൽ എ.ടി.സി.മുഹമ്മദിന്റെ വീട്ടുമുറ്റത്തെ മതിൽ കനത്ത മഴയിൽ തകർന്നു. സമീപത്തെ എ.ടി.മുഹമ്മദാലിയുടെ വീട്ടിലെ കോൺക്രീറ്റ് കോഴിക്കൂടും മതിൽ വീണ് തകർന്നു. കോഴികളും ചത്തു. രണ്ടാഴ്ച മുമ്പ് നിർമിച്ച മതിലാണ് തകർന്നു വീണത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി വാക്കുവയലിൽ സിദ്ദിഖിന്റെ വീട്ടുമുറ്റത്തെ കിണറും കനത്ത മഴയിൽ തകർന്നു.

മണ്ണിട‍ിഞ്ഞാണ് കിണർ തകർന്നത്. ഒട്ടേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറായിരുന്നു ആൾമറയടക്കം ഇടിഞ്ഞ് 2 പമ്പ് സെറ്റുകളും കിണറിന് അടിയിലായി. മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്കുള്ള പാലവും വെള്ളത്തിൽ മുങ്ങി. കാരശ്ശേരി പഞ്ചായത്തിന്റെ അധീനതിയുള്ള സ്ഥലത്തെ പാലമാണ് വെള്ളത്തിൽ മുങ്ങിയത്. ക്ഷേത്രത്തിലേക്കു വിശ്വാസികൾ മഴക്കാലത്ത് എത്തുന്നതിന് ആശ്രയിക്കുന്നതായിരുന്നു പാലം.

Related Articles

Leave a Reply

Back to top button