കോടഞ്ചേരി ഹൈസ്കൂൾ പ്രഥമബാച്ച് സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ 1956-57 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചാണിത്. ബാച്ചിലെ 36 പേരിൽ പകുതിയിലേറെപ്പേരും മരണമടഞ്ഞു. ശേഷിക്കുന്ന 84 വയസ്സിന് മുകളിലുള്ള സഹപാഠികൾ ഒത്തുകൂടിയപ്പോൾ വേദി വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായി.
കോടഞ്ചേരി ഹൈസ്കൂൾ ഹാളിൽ ചേർന്ന് സംഗമത്തിൽ ബാച്ചിലെ വിദ്യാർഥിയായിരുന്ന അദിലബാദ് രൂപത മുൻ ബിഷപ്പ് ജോസഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സംഗമം താമരശ്ശേരി രൂപത ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഇടവക വികാരി ഫാ.കുര്യാക്കോസ് ഐകുളമ്പിൽ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സംഗമം കോ-ഓർഡിനേറ്റർ ഡോ.കെ.എം വത്സരാജ്, പി.എസ് മിനി, പ്രഥമ ബാച്ചിലെ വിദ്യാർഥികളായിരുന്ന മുൻ അധ്യാപകർ കെ.എം മത്തായി, എൻ.ടി തോമസ്, പി.പി റോസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.