ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച സ്നേഹവീട് കൈമാറി

കാരശ്ശേരി : ആനയാംകുന്ന് വി.എം.എച്ച്.എം. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് നിർമിച്ച സ്നേഹവീട് കൈമാറി. സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായ സഹോദരങ്ങൾക്കാണ് വീടൊരുക്കിയത്. ഗൃഹസന്ദർശനത്തിനിടെയാണ് കുട്ടികൾക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീടില്ലെന്ന കാര്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. അതിനെത്തുടർന്ന് എൻ.എസ്.എസിന്റെ മുൻകൈയിൽ വീട് നിർമാണം ഏറ്റെടുക്കുകയായിരുന്നു. ബിരിയാണി, സ്‌ക്രാപ്പ് ചലഞ്ചുകളിലൂടെ രണ്ടുലക്ഷത്തോളം രൂപ സമാഹരിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സംഭാവനയായി നൽകിയ തുകയും ചേർത്ത് മൊത്തം സ്വരൂപിച്ച ഒൻപത് ലക്ഷം ചെലവഴിച്ച് ഒരുവർഷംകൊണ്ട് വീടുനിർമാണം പൂർത്തിയാക്കി. പുറമേനിന്ന് ഒരു സംഭാവനയും സ്വീകരിച്ചില്ല.
സ്നേഹഭവനം മന്ത്രി അഹമ്മദ് ദേവർകോവിൽ കുടുംബത്തിന് കൈമാറി. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. എൻ.എസ്.എസ്. റീജണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് കുമാർ കണിച്ചുകുളങ്ങര, സ്കൂൾ മാനേജർ വി. ഗഫൂർമോൻ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല, സി.പി. ചെറിയമുഹമ്മദ്, വാർഡ് അംഗം കുഞ്ഞാലി മമ്പാട്ട്, പ്രിൻസിപ്പൽ പി.പി. ലജ്ന, പ്രോഗ്രാം ഓഫീസർ ഡോ. ഷോബു രാമചന്ദ്രൻ, പ്രധാനാധ്യാപകൻ അനിൽ ശേഖർ, ടി.പി. നൗഫൽ, എം.ടി. ഫരീദ തുടങ്ങിയവർ സംസാരിച്ചു.