Kodanchery

ചെമ്പ്കടവ് ദുരിതാശ്വാസ ക്യാമ്പിൽ കലക്ടർ സന്ദർശനം നടത്തി

കോടഞ്ചേരി: കാലവർഷം ശക്തമായതോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്റ് യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ട് മൂന്ന് ദിവസം. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട വെണ്ടേക്കുംപൊയിൽ എസ് ടി കോളനിയിലെ മുഴുവൻ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. 21 കുടുംബങ്ങൾ ഇപ്പോൾ ചെമ്പ്കടവ് സ്കൂളിലെ ക്യാമ്പിൽ കഴിയുന്നു. സ്ത്രീകളും കുട്ടികളും അടക്കം 76 ഓളം പേർ ക്യാമ്പിൽ ഉണ്ട്.

കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് സന്ദർശിച്ചു. ജില്ലാ കളക്ടർ എ ഗീത (ഐ.എ.എസ്), ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി,എൽ. ആർ ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ആരോഗ്യ കേരളം കോഴിക്കോട് ജില്ലാ പ്രോഗ്രാം മാനേജർ ഷാജി സി.കെ, പി. ആർ. ഒ രഞ്ജു ജോർജ്എന്നിവരും ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റി ചുമതല കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്റർ എച്ച്. ഐ ശാലു പ്രസാദിനാണ്.

കോടഞ്ചേരി വില്ലേജ് ഓഫീസർ കെ രാജനും, വില്ലേജ് അസിസ്റ്റന്റ് വിവേക് രാജുമാണ് ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം നൽകുന്നത്. കോടഞ്ചേരി ഗവൺമെന്റ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആയ ഡോ. തസ്തിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിന്റെ സേവനവും ക്യാമ്പിൽ ലഭ്യമാണ്.

Related Articles

Leave a Reply

Back to top button