Mukkam

കൊടിയത്തൂർ കക്കാടം തോട് കയ്യേറ്റം തിരിച്ചുപിടിക്കാൻ സർവേ നടത്തും

മുക്കം: കൊടിയത്തൂർ-കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ നൂറ് കണക്കിന് കർഷകർക്കാശ്വാസമായ കക്കാടം തോടിലെ കയ്യേറ്റം തിരിച്ചുപിടിക്കാൻ നടപടിയാവുന്നു. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെയും വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറിയുടേയും നേതൃത്വത്തിൽ കർഷക സംഘം പ്രതിനിധികളും ന്യൂജൻ ഫാർമേഴ്സ് ക്ലബ് അംഗങ്ങളും സ്ഥലം സന്ദർശിക്കുകയും കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർവേ നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഏറെക്കാലം തരിശായിക്കിടന്ന പ്രദേശത്തെ വയലുകൾ അടുത്ത കാലത്താണ് നെൽകൃഷിയാലും പച്ചക്കറി കൃഷിയാലും സമൃദ്ധമായത്. എന്നാൽ ജലസേചനം കർഷകർക്ക് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. വയലിന് നടുവിലൂടെ ഒഴുകുന്ന കക്കാടം തോട് ശുചീകരിക്കുകയും കയ്യേറ്റമൊഴിപ്പിച്ച് വീതി കൂട്ടുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാവുമെന്നതിനാലാണ് സർവേ നടത്തുന്നതിന് തീരുമാനമായത്.

തോട് നവീകരിച്ചാൽ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ കോട്ടമുഴി മുതൽ നെല്ലിക്കാപറമ്പ് വരെയും കോഴിക്കുളം നടക്കൽ വഴി കുറ്റിപൊയിൽ വരെയുമുള്ള പാടങ്ങളിൽ വേനൽക്കാലത്തടക്കം നെൽകൃഷി ചെയ്യാൻ യോഗ്യമാവും. ഏക്കർ കണക്കിന് വയലുകളിൽ കൃഷി നടക്കുന്ന ഇവിടെ പലപോഴും ആവിശ്യമായ വെള്ളം കിട്ടാറില്ലാത്തതിനാൽ തന്നെ ഭൂമിയുള്ളവർ വരെ കൃഷി ചെയ്യാൻ മടിക്കുന്ന അവസ്ഥയാണുള്ളത്. തോണിച്ചാലിൽ നിന്ന് കോട്ടമുഴി കടവ് വരെയുള്ള പത്ത് മീറ്ററിലധികം വീതിയുള്ള തോട് ചളിയും ചപ്പു ചവറുകളും നിറഞ്ഞു നശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥക്കും തോട് നവീകരിക്കുന്നതോടെ മാറ്റമുണ്ടാവും.

Related Articles

Leave a Reply

Back to top button