സൗജന്യ പഠനോപകരണ വിതരണവുമായി മത്സ്യവിതരണക്കാരൻ
തിരുവമ്പാടി : വരുമാനത്തിന്റെ ഒരുവിഹിതം വിദ്യാർഥികൾക്കായി മാറ്റിവെച്ച് ഒരു സാധാരണക്കാരൻ തുടർന്നുവരുന്ന അസാധാരണ സേവനത്തിന് 14 വയസ്സ്. കൂമ്പാറയിലെ മീൻ വിൽപ്പനക്കാരൻ അരീക്കോട് തച്ചണ്ണ സ്വദേശി പി.എസ്. മുജീബാണ് എല്ലാവർഷങ്ങളിലും നൂറുകണക്കിന് വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണം വിതരണം ചെയ്യുന്നത്. ഇക്കുറി ഒന്നര ലക്ഷത്തോളം രൂപയുടെ സ്കൂൾ കിറ്റാണ് നാനൂറോളം വിദ്യാർഥികൾക്കായി വിതരണം ചെയ്തത്. നോട്ടുബുക്ക്, പെൻസിൽ, പേന, റബ്ബർ, റാപ്പർ എന്നിവയെല്ലാം കിറ്റിലുണ്ട്.
വിദ്യാഭ്യാസത്തിലൂടെ കൈവരിക്കുന്ന പുരോഗതിക്ക് മറ്റെന്തിനെക്കാളും ശ്രേഷ്ഠതയുണ്ടെന്നും അതാണ് ഇത്തരമൊരു സേവനത്തിന് പ്രേരിപ്പിച്ചതെന്നും മുജീബ് പറയുന്നു. കിറ്റ് വിതരണോദ്ഘാടനം ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. അബ്ദുൽ നാസിർ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. ലാൽ മാത്യു, വി.കെ. അബ്ദുൽ സലാം, അഹമ്മദ്കുട്ടി പാലക്കതൊടി, വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. മുജീബ് 27 വർഷമായി മീൻ വിൽപ്പനക്കാരനായി കൂമ്പാറയിലെത്തിയിട്ട്. മൈമൂനത്താണ് ഭാര്യ. ഹസീന, മുഹ്സിന, സന എന്നിവർ മക്കളും.