Kodiyathur

ദുരന്തനിവാരണ മുന്നൊരുക്കം; അടിയന്തര യോഗം ചേർന്നു

കൊടിയത്തൂർ : ദുരന്തനിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രളയം, മണ്ണിടിച്ചിൽ, തുടങ്ങിയ ദുരന്ത സാധ്യതകൾ മുൻ നിർത്തിയാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പോലിസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേന ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, താലൂക്ക് ദുരന്ത നിവാരണ സേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വാർഡ്തലങ്ങളിൽ ആർ, ആർ ടി വളണ്ടിയർമാർ, രഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേർന്ന്
താൽപര്യമുള്ളവർക്ക് ഒരാഴ്ചത്തെ പരിശീലനം നൽകുന്നതിനും ദുരന്ത സാധ്യത മുന്നിൽ കണ്ട് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. ചുള്ളിക്കാപറമ്പ് – സൗത്ത് കൊടിയത്തൂർ, ചെറുവാടി – കവിലട റോഡുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് യോഗം ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കും.
മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുള്ളതും മനുഷ്യജീവനും സ്വത്തിനും അപകടകരമാം വിധം ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ അടിയന്തരമായി വെട്ടി മാറ്റി അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും.

പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണന്നും നിർദേശം നൽകി. അപ്രകാരം ചെയ്യാത്തത് മൂലം ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ, വസ്തുവഹകൾക്കുള്ള നഷ്ടങ്ങളോ സംഭവിച്ചു കഴിഞ്ഞാൽ പൂർണ്ണ ഉത്തരവാദി വസ്തുവിന്റെ ഉടമസ്ഥൻ ആയിരിക്കുന്നതാണന്നും ഇവർക്കെതിരെ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്ത്ആക്ട് എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കുന്നതാണന്നും അധികൃതർ അറിയിച്ചു.
പന്നിക്കോട് എ.യു.പി സ്കൂളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ കോമളം തോണിച്ചാൽ, സിജി, ഫാത്തിമ നാസർ, രതീഷ് കളക്കുടി കുന്നത്ത് അസി: സെക്രട്ടറി അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ ജയശ്രീ, ശിഹാബ് അരൂർ, ജി.മധു, സുനിൽ, റിനിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button