കാരശ്ശേരി വയോജന സൗഹൃദ പഞ്ചായത്ത് ആകാൻ ഒരുങ്ങുന്നു
കാരശ്ശേരി : സംരക്ഷിതരും സന്തുഷ്ടരും സംതൃപ്തരും ആണ് പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളും എന്നുറപ്പുവരുത്താൻ ലക്ഷ്യമിടുന്ന വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റാൻ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ നടപടികൾ തുടങ്ങി. ഇതിൻ്റെ
ഭാഗമായി പഞ്ചായത്ത് തല ശില്പശാലയും സംഘാടകസമിതി രൂപീകരണവും നടന്നു. ഒറ്റപ്പെടലിൽ നിന്നും മോചനം വിനോദത്തിനും വിജ്ഞാനത്തിനും വ്യായാമത്തിനും ആരോഗ്യപരിപാലനത്തിനുമുൾപ്പടെ എല്ലാ തരത്തിലും വയോജനങ്ങളെ ചേർത്തുപിടിക്കുന്ന സൗകര്യങ്ങളും പരിപാടികളും സേവന പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കുന്നത്. വയോജനങ്ങളുടെ തന്നെ സമിതികളും ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പങ്കാളിത്തവും വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
50 കുടുംബങ്ങൾ ചേർന്ന ക്ലസ്റ്ററുകൾ ക്ലസ്റ്ററുകൾ ചേർന്ന വാർഡ് തല ക്ലബ്ബ്, വാർഡ് തല ക്ലബ്ബുകൾ ചേർന്ന് പഞ്ചായത്ത് തല ക്ലബ്ബ് എന്നീ ഘടനയിലാണ് പ്രവർത്തിക്കുക. മുഴുവൻ വയോജനങ്ങളുടെയും വിവരശേഖരണം നടത്തി ആവശ്യങ്ങളും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. ഈ മാസം 18 ന് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ക്ലസ്റ്റർ രൂപീകരണം നടക്കും അടുത്ത മാസം 20 മുഴുവൻ നടപടികളും പൂർത്തിയാക്കി പദ്ധതികൾ നടപ്പിലാക്കി തുടങ്ങും. ശില്പശാലയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.ടി അഷ്റഫ്, ടി അഹമ്മദ് സലീം എന്നിവർ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചർ, എ.പി മുരളീധരൻ, നടുക്കണ്ടി അബൂബക്കർ, അബ്ദുറഹ്മാൻ മാസ്റ്റർ,
കണ്ടൻ പട്ടർചോല, സി ദേവരാജൻ, ശാന്താദേവി മൂത്തേടത്ത്, റുക്കിയ റഹീം, ആമിന എടത്തിൽ, എം ദിവ്യ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ ചെയർപേഴ്സണും സത്യൻ മുണ്ടയിൽ വൈ. ചെയർമാനും ടി. അഹമ്മദ് സലീം കൺവീനറും സി. ദേവരാജൻ ജോയിൻറ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.