പകർച്ചവ്യാധി പ്രതിരോധനടപടികളുടെഭാഗമായി പുതുപ്പാടിയിൽ ആരോഗ്യ ടാസ്ക് ഫോഴ്‌സ് രൂപവത്കരിച്ചു
പുതുപ്പാടി : പകർച്ചവ്യാധി പ്രതിരോധനടപടികളുടെഭാഗമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും ഫാമിലി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ പുതുപ്പാടിയിൽ ആരോഗ്യ ടാസ്ക് ഫോഴ്‌സ് രൂപവത്കരിച്ചു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയുടെ ക്രമാതീതമായ വർധനവ് വിലയിരുത്തിയ യോഗം പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി നടപ്പാക്കേണ്ട പത്തിന ഊർജിത കർമപരിപാടികൾ ആസൂത്രണം ചെയ്തു. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത മുഴുവൻ വാർഡുകളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ആരോഗ്യ ബോധവത്കരണക്ലാസുകൾ നടത്താനും, പ്രസ്തുതഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകരുടെയും ആശ, കുടുംബശ്രീ, മറ്റ് ആരോഗ്യ സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ സമയബന്ധിതമായി ക്ലോറിനേഷൻ, ഉറവിടനശീകരണം, പനി നിരീക്ഷണം എന്നിവ നടത്താനും തീരുമാനിച്ചു.
കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ, കൺവെൻഷൻ സെന്ററുകൾ, മത്സ്യമാർക്കറ്റുകൾ, ഇറച്ചിക്കടകൾ, മറ്റുവ്യാപാരസ്ഥാപനങ്ങൾ എന്നിവ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധിക്കാൻ തീരുമാനമായി. പുതുപ്പാടി പഞ്ചായത്തിന്റെകീഴിലുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പരിശോധനയും ബോധവത്കരണവും നടത്തും. പഞ്ചായത്തിലെ പൊതുപരിപാടികളിലും വിവാഹസത്ക്കാരം പോലുള്ളചടങ്ങുകളിലും ശീതളപാനീയങ്ങൾ വിതരണംചെയ്യുന്നത് താത്‌കാലികമായി നിർത്തിവെക്കാനായി ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നവമാധ്യങ്ങളിലൂടെയുള്ള ആരോഗ്യബോധവത്കരണം ശക്തിപ്പെടുത്തുവാനും രോഗവ്യാപനം തടയാനും പഞ്ചായത്ത്തലത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ച് നിർദേശങ്ങൾ നൽകുവാനും തീരുമാനിച്ചു.
മതസ്ഥാപനങ്ങളിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യ ബോധവത്കരണസന്ദേശം നൽകാൻ നിർദേശംനൽകും. ആരോഗ്യ ശുചിത്വ കമ്മിറ്റികൾ ആഴ്ചതോറും ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. ലോക മഞ്ഞപ്പിത്തദിനവുമായി ബന്ധപ്പെട്ട് ഗ്രാമസഭകളിൽ ആരോഗ്യ ബോധവത്കരണക്ലാസുകൾ നടത്താനും യോഗത്തിൽ തീരുമാനമായി. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ഹാളിൽച്ചേർന്ന യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നീസാ ഷെരീഫ് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജമാൽ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ അജയ് നാഗത് രോഗവിവരക്കണക്കുകൾ അവതരിപ്പിച്ചു. ജെ.എച്ച്.ഐ. റഷീദ് കർമപരിപാടി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, സ്ഥിരംസമിതി അധ്യക്ഷരായ റംലാ അസീസ്, മോളി ആന്റോ, ഷംസു കുനിയിൽ പഞ്ചായത്ത് സെക്രട്ടറി ജിജി, ഷംസീർ പോത്താറ്റിൽ, ഉഷാ വിനോദ്, ബിജു തോമസ്, ആയിഷാ ബീവി, ഐബി റെജി, ശ്രീജാ ബിജു, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.