സംസ്ഥാന കായകല്പ് അവാർഡ്; ഇരട്ടനേട്ടവുമായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത്
തിരുവമ്പാടി : 2023-24 വർഷത്തെ സംസ്ഥാന കായകല്പ് അവാർഡ് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ ഇരട്ടനേട്ടവുമായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രവും പൊന്നാങ്കയം ജനകീയ ആരോഗ്യകേന്ദ്രവും ജില്ലയിൽ രണ്ടാംസ്ഥാനംനേടി. 96.7, 90.8 ശതമാനം എന്നിങ്ങനെയാണ് യഥാക്രമം റാങ്കിങ്. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകല്പ്.
സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് അവാർഡ് കമ്മിറ്റി തിരഞ്ഞെടുത്ത മികച്ച ആശുപത്രികൾക്കാണ് പുരസ്കാരം നൽകുന്നത്. രണ്ടുസ്ഥാപനങ്ങൾക്കും 50,000 രൂപവീതം കമൻഡേഷൻ അവാർഡുതുകയും പ്രശസ്തിപത്രവും ലഭിക്കുന്നതാണ്. ദേശീയ അവാർഡായ എൻ.ക്യു.എ.എസ്. പുരസ്കാരവും സംസ്ഥാന കാഷ് അവാർഡും കഴിഞ്ഞവർഷം തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം നേടിയിരുന്നു.
എഫ്. എച്ച്.സി.യുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗുണനിലവാരമാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനുംവേണ്ടി സംസ്ഥാനസർക്കാരിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽനിന്നുള്ള സംഭാവനകളും, വിവിധസ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായവും വിനിയോഗിച്ചു. തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന് ലഭിച്ച ഈ ഇരട്ട അംഗീകാരം കൂട്ടായ്മയുടെയും ജീവനക്കാരുടെയും അർപ്പണബോധത്തിന്റെയും വിജയംകൂടിയാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ എന്നിവർ അറിയിച്ചു.