മൊബൈൽ നഷ്ടപ്പെട്ട പരാതിക്കാരന് മിനിറ്റുകൾക്കുള്ളിൽ മൊബൈൽ കണ്ടെത്തി നൽകി മാതൃകയായി തിരുവമ്പാടി പോലീസ്
തിരുവമ്പാടി :കൂടരഞ്ഞിയിൽ നിന്ന് കൂമ്പാറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മൊബൈൽ നഷ്ടപ്പെട്ട പരാതിക്കാരന് തിരുവമ്പാടി പോലീസ് മിനിറ്റുകൾക്കുള്ളിൽ നഷ്ടപ്പെട്ട മൊബൈൽ കണ്ടെത്തി തിരികെ നൽകി. 60,000 രൂപ വിലമതിക്കുന്ന മൊബൈലും, മൊബൈലിന്റെ കവറിനുള്ളിൽ 6000 രൂപയും ഉണ്ടായിരുന്നുവെന്ന് പരാതിക്കാരൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
മൊബൈൽ നഷ്ടപ്പെട്ടയുടൻ തന്നെ നിരവധി തവണ വ്യത്യസ്ത നമ്പറുകളിൽ നിന്ന് കോൾ ചെയ്തെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. ആദ്യം സ്വിച്ച് ഓൺ ആയിരുന്ന ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയതിനാൽ പരാതിക്കാരൻ ആശങ്കയിലായി. ഫോൺ നഷ്ടപ്പെട്ട ദിവസത്തിൻറെ അടുത്ത ദിവസം രാവിലെ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സി ഐ ധനഞ്ജയ്ദാസിനെ നേരിൽകണ്ട് പരാതി നൽകുകയായിരുന്നു. തുടർന്ന് സിഐ നേരിട്ട് സൈബർ സെല്ലുമായി ബന്ധപ്പെടുകയും, ലഭിച്ച വിവരമുള്ള അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിൽ നിന്ന് ലഭിച്ച ലൊക്കേഷൻ പിന്തുടർന്ന് കൂമ്പാറയിൽ നിന്ന് തന്നെ നഷ്ടപ്പെട്ട മൊബൈലും, പണവും പോലീസ് കണ്ടെടുത്ത് പരാതിക്കാരൻ കൈമാറി.
വഴിയിൽ വീണുപോയ മൊബൈൽ കൂമ്പാറ പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവർക്ക് ലഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറുടെ പക്കലിൽ നിന്നാണ് പോലീസ് മൊബൈൽ കണ്ടെത്തിയത്. പരാതി നൽകി 30 മിനിറ്റിനുള്ളിൽ നഷ്ടപ്പെട്ട ഫോൺ പോലീസ് കണ്ടെത്തി തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഇത്ര പെട്ടെന്ന് പരിഹാരം കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, പോലീസിന്റെ ഈ പ്രവർത്തനം അഭിനന്ദനീയമാണെന്നും തിരുവമ്പാടി സ്വദേശിയായ പരാതിക്കാരൻ ജോയൽ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരായ ഡിനു ബേബി, രാജേഷ്, സുമേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് നഷ്ടപ്പെട്ട ഫോൺ കണ്ടെടുത്തത്