കേരള ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ടീം പരിശീലന ക്യാമ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു
കോടഞ്ചേരി: കേരള ജൂനിയർ സോഫ്റ്റ്ബേസ്ബോൾ ടീമിൻ്റെ പരിശീലന ക്യാമ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. ഈ മാസം 11 മുതൽ 14 വരെ ഹരിയാനയിലെ ഫരീദാബാദിൽ നടക്കുന്ന ജൂനിയർ നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം നിലവിലെ നാഷണൽ ചാമ്പ്യന്മാരാണ്.
കഴിഞ്ഞ മാസം കണ്ണൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 ആൺകുട്ടികളും 20 പെൺകുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റക്ടർ ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് കെ.എം ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ പ്രിൻസിപ്പാൾ ബിജോയ് തോമസ്, പിറ്റിഎ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത്, സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, കോച്ചുമാരായ ആദർശ് ടി.യു, വിബിൽ വി. ഗോപാൽ, മാനേജർമാരായ വിഷ്ണു എസ്, ഷഹനാസ് ജെ എന്നിവർ പങ്കെടുത്തു.