Mukkam

കിണറ്റിൽ വീണ പോത്തിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ കിണറ്റിൽ വീണ പോത്തിനെ മുക്കം അഗ്നിരക്ഷാസേന വിജയകരമായി രക്ഷപ്പെടുത്തി. ഇന്നലെ (10-10-24 വ്യാഴം) ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. 25 അടിയോളം ആഴമുള്ള കിണറ്റിൽ ബാവ പഴംതോപ്പിൽ എന്നയാളുടെ ഒരു വയസ്സുള്ള പോത്താണ് അബ്ദുറഹ്മാൻ എന്നയാളുടെ കിണറ്റിൽ വീണത്.

അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനസംഘം ഉടനെ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി നിയാസ് കിണറിൽ ഇറങ്ങി രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബേൽറ്റ്, റോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പോത്തിനെ വിജയകരമായി പുറത്തെടുക്കുകയുണ്ടായി.

രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) പയസ്സ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ സി പി നിഷാന്ത്, എൻ ടി അനീഷ്, പി ടി ശ്രീജേഷ്, കെ എസ് ശരത് കുമാർ, സി എഫ് ജോഷി, സി ടി ഷിബിൻ എന്നിവരും പങ്കാളികളായി.

Related Articles

Leave a Reply

Back to top button