Thiruvambady

കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം: കർഷകർ ആശങ്കയിൽ

തിരുവമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. തിരുവമ്പാടി പൊന്നാങ്കയം ചീവീട്മുക്ക് പാണ്ടാനത്ത് പടി പ്രദേശത്താണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. മാത്തുക്കുട്ടി, പുലിക്കൽ ഓമന കപ്പടക്കൽ, തങ്കച്ചൻ കീഴക്കേ കുടിയിൽ എന്നിവർക്ക് വലിയ തോതിൽ കൃഷി നാശമുണ്ടായതായി റിപ്പോർട്ടുണ്ട്. തെങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ കായ്ഫലമുള്ള കൃഷികൾ കാട്ടാന നശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ജനവാസമേഖലയിലേക്ക് കാട്ടാന എത്തിയത് പ്രദേശവാസികളിൽ ഭീതി പരത്തിയിരുന്നു. തുടർച്ചയായി കാട്ടാനയുടെ ആക്രമണം അനുഭവപ്പെടുന്നത് മലയോരവാസികളെ ആശങ്കയിലാക്കി. കൃഷിനാശം കർഷകർക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

സകാർവകുപ്പുകൾ കൃത്യമായ നടപടികൾ സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് സ്ഥലം സന്ദർശിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നും, വന്യമൃഗ ഭീഷണിയിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അവർ അറിയിച്ചു.

പ്രദേശത്തെ കോൺഗ്രസ്സ് നേതാക്കൾ ടി.ജെ. കുര്യാച്ചൻ, ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടി എന്നിവർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും, മാനുഷിക ജീവന് ഭീഷണിയായ ഏത് വന്യ മൃഗമാണെങ്കിലും കൊല്ലാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button