അപ്രോച്ച് റോഡ് നിർമ്മാണം ഇതുവരെയും ഇല്ല; 60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കലുങ്ക് പ്രയോജനമില്ലാതെ കിടക്കുന്നു

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിലെ പൂക്കോട്ടിപ്പടി-പനച്ചിക്കൽ താഴെ റോഡിൽ നിർമ്മിച്ച പുതിയ കലുങ്ക് രണ്ട് വർഷമായി പ്രയോജനമില്ലാതെ കിടക്കുകയാണ്. 2019-20 സാമ്പത്തിക വർഷത്തിൽ എം.എൽ.എ. ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപയുടെ സഹായത്തോടെ കലുങ്കും അനുബന്ധ റോഡും പണിയാനാണ് പദ്ധതിയിട്ടത്. പക്ഷേ, അനുവദിച്ച തുക കൊണ്ട് കലുങ്ക് നിർമ്മാണം പൂർത്തിയാകാതെ ഇരിക്കുന്നതിനാൽ വീണ്ടും 30 ലക്ഷം രൂപ കൂടി അനുവദിക്കേണ്ടി വന്നു.
ജില്ലാ പഞ്ചായത്തിൽ നിന്ന് 15 ലക്ഷം രൂപ കൂടി അനുവദിച്ച ശേഷമാണ് അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ടെൻഡർ അനുവദിച്ചത്, എങ്കിലും ഇതുവരെ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. 5 മീറ്റർ വീതിയുള്ള തോട്ടിലാണു കലുങ്ക് നിർമ്മിച്ചത്, എന്നാൽ ഇതിൽ വലിയ അഴിമതി നടന്നതായി ആരോപണമുണ്ട്.
അതിനാൽ തന്നെ കലുങ്കിന്റെ പണിയിൽ ഇപ്പോൾ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗത്തിലേക്ക് എളുപ്പം എത്തിച്ചേരാനുള്ള രീതിയിലാണ് കലുങ്ക് നിർമിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ
എത്രയും പെട്ടെന്ന് ഈ കലുങ്കിന്റെ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തീകരിക്കണമെന്നു നാട്ടുകാർ ആവശ്യമുയർത്തുന്നുണ്ട്.